സൗദിയിലെ തൊഴിൽ മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രവാസി തൊഴിലാളികളുടെ തൊഴിൽ യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ പരിശോധന ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ 62 രാജ്യങ്ങളിലായി ഏകീകൃത പ്ലാറ്റ്ഫോം വഴി ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. നേരത്തെ ആരംഭിച്ച തൊഴിൽ നൈപുണ്യ പരീക്ഷയിൽ നിന്ന് വ്യത്യസ്തമായാണ് പ്രഫഷനൽ വെരിഫിക്കേഷൻ എന്ന ഈ പുതിയ സേവനം.
വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം പ്രഫഷണൽ വെരിഫിക്കേഷൻ സേവനം നടപ്പിലാക്കുക. എന്നാൽ ഏതെല്ലാം രാജ്യങ്ങളിൽ ഉള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക, ഏതെല്ലാം തൊഴിൽ മേഖലകളിലാണ് ആദ്യ ഘട്ട പുതിയ സേവനം പ്രാബല്യത്തിൽ വരിക എന്നീ കാര്യങ്ങളെ പറ്റി മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
തൊഴിൽ വീസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്ക് ജോലി ചെയ്യാനാവശ്യമായ അക്കാദമിക് യോഗ്യത ഉണ്ടെന്ന് പരിശോധിക്കുക, അത് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും മറ്റു ഡോക്യുമെൻ്റുകളും ഉണ്ടെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൂടാതെ ജോലിചെയ്യാൻ ഉദ്ദേശിക്കുന്ന പ്രഫഷനനുരിച്ചുള്ള ലെവൽ, എക്സ്പീരിയൻസ്, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവയും പരിശോധിക്കും. മതിയായ രേഖകളും മുൻ പരിചയവും ഉള്ളവർക്ക് മാത്രമേ സൗദി തൊഴിൽ വിപണിയിൽ പ്രവേശനാനുമതി ലഭിക്കുകയുള്ളു.