സൗദി അറേബ്യയിൽ ചൂട് ഗണ്യമായി കുറയും. മിക്ക പ്രദേശങ്ങളിലും ഈ ആഴ്ച താപനിലയിൽ കാര്യമായ കുറവ് ഉണ്ടാവുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ താപനില 19 ഡിഗ്രി സെൽഷ്യസ് മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നാണ് വിലയിരുത്തുന്നത്. തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി, ഹാഇൽ, വടക്കുകിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലായിരിക്കും ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുക എന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
അതേസമയം മക്ക, ജീസാൻ, അസീർ, അൽബാഹ, എന്നീ മേഖലകളിൽ സജീവമായ കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. കൂടാതെ മദീനയിലെ ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയ്ക്കുന്ന പൊടിക്കാറ്റ് അനുഭവപ്പെടാനും സാധ്യതയുണ്ട്. ഒരുഘട്ടത്തിൽ 50 ഡിഗ്രി വരെ ഉയർന്ന കടുത്ത ചൂടുകാലത്തിന് ശേഷമാണ് രാജ്യമിപ്പോൾ പതിയെ തണുപ്പുകാലത്തിലേക്ക് നീങ്ങുന്നത്.
വരും ആഴ്ചകളിൽ മഴയ്ക്കും മഞ്ഞുവീഴ്ചക്കും സാധ്യതയുള്ളതിനാൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കൂടാതെ സജീവമായ ഉപരിതല കാറ്റ് പൊടിയും മണലും ഇളക്കിവിടുമെന്നും കേന്ദ്രം പ്രവചിച്ചു. വരും ദിവസങ്ങളിൽ അബഹയിൽ 26 ഡിഗ്രി, മക്കയിൽ 39 ഡിഗ്രി, മദീനയിൽ 37 ഡിഗ്രി, ജിദ്ദയിൽ 35 ഡിഗ്രി, ദമ്മാമിൽ 41 ഡിഗ്രി, റിയാദിൽ 38 ഡിഗ്രി, ബുറൈദയിൽ 39 ഡിഗ്രി സെൽഷ്യസ് എന്നീ നിലകളിലാകും താപനില രേഖപ്പെടുത്തുക.