ഹജ്ജ് പാരമ്പര്യമനുസരിച്ച് ഇത്തവണത്തെ ഹജ് തീർഥാടനം ആരംഭിക്കുന്നതിന് മുൻപ് വിശുദ്ധ കഅബയുടെ കിസ്‌വ (പുതപ്പ്) ഉയർത്തി. താഴ്ഭാഗത്ത് നിന്നും നാലു വശങ്ങളിൽ മൂന്ന് മീറ്റർ മുകളിലേക്കാണ് കിസ്‌വ ഉർത്തി കെട്ടുക. കിസ്‌വ ഉയർത്തി അനാവൃതമായ ഭാഗത്ത് രണ്ടര മീറ്റർ വീതിയിയും 54 മീറ്റർ നീളവുമുള്ള വെളുത്ത കോട്ടൺ തുണികൊണ്ട് വിശുദ്ധ കഅബയുടെ നാലുഭാഗങ്ങളും പൊതിഞ്ഞു. തിരുഗേഹങ്ങളുടെ പരിപാലന ചുമതലയുള്ള ജനറൽ അതോറിറ്റിയുടെ അംഗീകാരത്തോടെ 10 ക്രെയിനുകളുടെ സഹായത്തോടെ 36 സാങ്കേതിക വൈദിഗ്ധ്യമുള്ള ജീവനക്കാരാണ് കിസവ ഉയർത്തിയത്.
കിസ്‌വ പല ഘട്ടങ്ങളിലായിട്ടാണ് ഉയർത്തുക. ആദ്യം താഴ്ഭാഗം എല്ലാ വശങ്ങളിൽ നിന്നും അഴിച്ചുമാറ്റും. പിന്നീട് കോണുകൾ വേർപെടുത്തിയതിന് ശേഷം താഴത്തെ കയർ അഴിച്ച് ഉറപ്പിച്ചിരുന്ന വളയങ്ങളിൽ നിന്ന് നീക്കം ചെയ്തുകൊണ്ടാണ് ഇത് ആരംഭിക്കുന്നത്, അതിനുശേഷം കിസ്‌വ മുകളിലേക്ക് ഉരുട്ടി ഉയർത്തും. തീർഥാടകർ കഅബയെ പ്രദക്ഷിണം വയ്ക്കുമ്പോൾ കിസ്‌വ മലിനമാകാതെയും കേടുപാടുകൾ സംഭവിക്കാതെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എല്ലാ വർഷവും ഈ നടപടിക്രമം ആവർത്തിക്കുന്നത്.
എല്ലാ വർഷവും ഇസ്ലാമിക മാസമായ ദുൽ ഹജിന്റെ ഒൻപതാം ദിവസം കറുത്ത പട്ടുതുണിയിൽ സ്വർണ്ണനൂലുകളാൽ ചിത്രതൊങ്ങലുകളും ഖുർആൻ സൂക്തങ്ങളും ചിത്രീകരിച്ച കിസ്‌വ അഴിച്ചു മാറ്റി പുതിയ കിസ്‌വ അണിയിക്കും. സൗദി അറേബ്യയിൽ നടക്കുന്ന ഹജ് തീർഥാടനമാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സമ്മേളനമായി കണക്കാക്കപ്പെടുന്നത്. 2012 ൽ 3.16 ദശലക്ഷം ആളുകളാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷം, ഏകദേശം 1.84 ദശലക്ഷം തീർഥാടകർ ഹജ് കർമ്മത്തിനായെത്തിയിരുന്നു. ഈ വർഷം തീർത്ഥാടകരുടെ എണ്ണം ഇതിനേക്കാൾ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.