സൗദിയുടെ പ്രധാന ടൂറിസം മേഖലയായ അസീർ പ്രവിശ്യയിലെ ‘വാദി അബഹ’ (അബഹ താഴ്വര)യിൽ വിനോദസഞ്ചാര വികസനത്തിന് പുതിയ കമ്പനി ആരംഭിച്ചു. ‘അർദാര’ എന്നാണ് കമ്പനിയുടെ പേര്. സൗദി കിരീടാവകാശിയും പൊതുനിക്ഷേപ നിധി ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് കമ്പനിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.
കമ്പനിയുടെ ആദ്യ പദ്ധതികളിലൊന്നാണ് വാദി അബഹ. ‘വിഷൻ 2030’ ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സൗദിയെ ഒരു ലോകോത്തര ടൂറിസം കേന്ദ്രമാക്കുകയാണ് ലക്ഷ്യം. 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലായി വ്യാപിച്ച് കിടക്കുന്നതാണ് വാദി അബഹ പദ്ധതി. കൂടാതെ അസീർ പ്രവിശ്യയുടെ പൈതൃകം, പുരാതന ചരിത്രം എന്നിവയെ ഉൾക്കൊണ്ടുള്ള എൻജിനീയറിങ്, നാഗരിക സംസ്കാരം എന്നിവ പ്രതിഫലിപ്പിക്കുന്നതുമായിരിക്കും ഇത്.
പദ്ധതി നടപ്പിലാക്കുന്ന പ്രദേശത്തിന്റെ 30 ശതമാനത്തിലധികം സ്ഥലത്ത് തുറസ്സായ ഹരിത ഇടങ്ങൾ, 17 കിലോമീറ്റർ ദൈർഘ്യത്തിൽ കായിക പാതകൾ, 16 കിലോമീറ്റർ ചുറ്റളവിൽ ജലാശയം, സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയാണ് ഈ പദ്ധതിക്ക് കീഴിൽ നിർമിക്കുക. സുസ്ഥിര മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ജീവിത നിലവാരം ഉയർത്തുന്ന പദ്ധതിയാണെന്നും കിരീടാവകാശി പറഞ്ഞു.