സൗദിയിൽ നാലായിരം വർഷം പഴക്കമുള്ള പുരാതന കോട്ട കണ്ടെത്തി. റോയൽ കമ്മീഷൻ ഫോർ അൽ ഉല അതോറിറ്റിയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. വെങ്കലയുഗത്തിലെ അൽ-നതാഹ് പട്ടണമാണ് കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പടിഞ്ഞാറൻ സൗദി അറേബ്യയിലെ ഹിജാസ് മേഖലയിലെ അൽ-ഉല നഗരത്തിന് സമീപമാണ് പുരാവസ്തു ഗവേഷകർ ഈ സ്ഥലം കണ്ടെത്തിയത്. ഏകദേശം 3.7 ഏക്കർ വ്യാപിച്ചുകിടക്കുന്നതാണ് വെങ്കലയുഗ ഗ്രാമം. 14.5 കിലോമീറ്റർ നീളമുള്ള ഒരു പുരാതന ചുറ്റു മതിലും ഈ സ്ഥലത്ത് കണ്ടെത്തി.
മരുപച്ചകൾക്കും ബസാൾട്ട് എന്ന് വിളിക്കപ്പെടുന്ന കറുത്ത അഗ്നിപർവ്വത ശിലകൾക്കുമിടയിൽ മറഞ്ഞ നിലയിലായിരുന്നു അൽ-നതാഹ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുളള ഗവേഷണം നടക്കുന്നുണ്ടെന്നും വിവിധ സ്ഥലങ്ങളിൽ നിന്നും ഇത്തരത്തിലുള്ള പഴയ നഗരത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും റോയൽ കമ്മീഷൻ ഫോർ അൽ ഉല അതോറിറ്റി അറിയിച്ചു.
ഫ്രഞ്ച് ഏജൻസിയുടെയും ഫ്രഞ്ച് നാഷനൽ സെൻ്റർ ഫോർ സയൻ്റിഫിക് റിസർച്ചിൻ്റേയും സഹകരണത്തോടെയാണ് ഗവേഷണം പുരോഗമിക്കുന്നത്. കെട്ടിടങ്ങൾക്ക് പുറമേ റോഡും മൺപാത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 500 നിവാസികൾ താമസിച്ചിരുന്ന ഈ വലിയ പട്ടണം ബിസി 2,400-ൽ വെങ്കലയുഗത്തിൻ്റെ തുടക്കത്തിൽ നിർമ്മിച്ചതാണെന്ന് ഗവേഷകർ പറയുന്നു.
15 വർഷം മുമ്പ് ഖൈബറിൻ്റെ വടക്കുള്ള ടൈമയിലെ മരുപ്പച്ചയിൽ പുരാവസ്തു ഗവേഷകർ വെങ്കലയുഗം മുതലുള്ള കൊത്തളങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് പ്രദേശത്ത് വിശദമായ പരിശോധനകൾക്ക് തുടക്കം കുറിച്ചത്.