വിനോദസഞ്ചാരത്തിനായാ സൗദിയില്‍ എത്തുന്നവരും സന്ദര്‍ശക വിസക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കി അധികൃതര്‍. സന്ദര്‍ശക വിസ ചട്ടങ്ങൾ അനുസരിച്ച് ഏഴ് കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കണം.
വിസ ഉടമകൾ രാജ്യത്ത് നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ടെന്നും സന്ദര്‍ശകര്‍ അവരുടെ തിരിച്ചറിയൽ രേഖകൾ എല്ലായ്‌പ്പോഴും സൂക്ഷിക്കേണ്ടതുണ്ടെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തുന്നു. വിസ അനുവദിച്ചതിന്‍റെ പ്രധാന ഉദ്ദേശം സന്ദര്‍ശകര്‍ നിറവേറ്റുകയും വേണം.
ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഹജ്ജ് നിര്‍വ്വഹിക്കാന്‍ അനുവാദമില്ല. ഹജ്ജ് സീസണിൽ എത്തുന്നവര്‍ക്ക് ഉംറ നിർവഹിക്കാനും കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഹജ്ജ് ഉംറ വിസയിലെത്തുന്നവര്‍ക്ക് രാജ്യത്ത് എവിടെ സഞ്ചരിക്കുന്നതിനും കാഴ്ചകൾ ആസ്വദിക്കുന്നതിനും ഇളവ് അനുവദിച്ച് വിസ ചട്ടങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്.
അതേസമയം ടൂറിസ്റ്റ് വിസിയിലെത്തുന്നവര്‍ പണം വാങ്ങിയൊ, ശമ്പളത്തിനൊ, ശമ്പളമില്ലാതെയൊ ഏതെങ്കിലും വിധത്തിലുളള ജോലിയിലും ഏര്‍പ്പെടാന്‍ പാടില്ല. വിസയുടെ കാലാവധി പാലിക്കേണ്ടതും അനിവാര്യമാണ്.
സിംഗിൾ എൻട്രി വിസയുടെ പരമാവധി കാലാവധി വിസയുടെ വാലിഡിറ്റി മൂന്ന് മാസമാണ്. താമസ കാലയളവ് പരമാവധി ഒരു മാസത്തേക്കും ലഭ്യമാകും. മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് ഒരു വർഷം വരെയാണ് അനുമതി കിട്ടുക.