സൌദി സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്. പുതിയ പട്ടിക പുറത്തുവിട്ട് സൗദി മാനവ ശേഷി വികസന മന്ത്രാലയം. കാർഗോ സർവീസ് മേഖലയിലും സെയിൽസ്/പർച്ചേസിങ് മേഖലയിലും ഉൾപ്പെടെ നിരവധി തൊഴിലുകളിലാണ് പുതിയതായി സൗദിവത്കരണം നടപ്പാക്കുന്നത്.
സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ച് സ്വദേശിവത്കരണത്തിൻ്റെ തോത് നിശ്ചയിക്കും. മൂന്നോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പർച്ചെയ്സിങ് തൊഴിലുകളും അഞ്ചോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 15 ശതമാനം സെയിൽസ് ജോലികളും സ്വദേശിവൽക്കരിക്കാനാണ് മന്ത്രാലയത്തിൻ്റെ തീരുമാനം.
സൗദി ട്രാൻസ്പോർട്ട് വകുപ്പുമായി സഹകരിച്ച് കാർഗോ മേഖലയിൽ പതിനാല് ഇനം തൊഴിലുകളിലേക്ക് സ്വദേശികൾക്ക് അവസരം ഒരുക്കും. പ്രൊജക്ട് മാനേജ്മെൻ്റ് ജോലികൾ, ലേഡീസ് ടെയ്ലറിങ്, ഡക്കറേഷൻ വർക്കുകൾ തുടങ്ങിയ മേഖലകളെല്ലാം ഘട്ടംഘട്ടമായി ഭാഗികമായോ സമ്പൂർണമായോ സൗദി വൽക്കരണം നടപ്പാക്കാനാണ് നീക്കം.
പർച്ചേസ് മാനേജർ, സെയിൽസ് എക്സ്ക്യൂട്ടിവ്, കോണ്ടാക്ട് മാനേജർ, ട്രേഡ്മാർക്ക്, ടെണ്ടർ എക്സിക്യൂട്ടീവ്, കസ്റ്റമർ മാനേജർ, സെയിൽസ് മാനേജർ, ഫൊട്ടോസ്റ്റാറ്റ് ഉപകരണങ്ങളുടെ സെയിൽസ്, മൊത്ത ചില്ലറ വിൽപന മാനേജർമാർ, സെയിൽസ് കോമേഴ്സ്യൽ സ്പെഷ്യലിസ്റ്റുകൾ തുടങ്ങിയവയും സ്വദേശി വൽക്കരണത്തിൻ്റെ പരിധിയിൽ വരുമെന്നും സൗദി മാനവ ശേഷി വികസന മന്ത്രാലയം അറിയിച്ചു.