സുസ്ഥിര വൈദ്യുതി ഉൽപ്പാദനത്തിനായി അഞ്ച് പുനരുപയോഗ ഊർജ്ജ പദ്ധതികൾക്ക് തുടക്കമിട്ട് സൗദി അറേബ്യ. 3,300 മെഗാവാട്ട് ശേഷിയുള്ള കാറ്റ്, സൗരോർജ്ജ പദ്ധതികൾക്കാണ് തുടക്കമായത്. നെറ്റ് സീറോ എമിഷന്‍ എന്ന ലക്ഷ്യം പൂര്‍ത്തികരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
അഞ്ച് പദ്ധതികളിൽ മൂന്നെണ്ണം കാറ്റിൽ നിന്നുള്ള ഊർജ്ജം ഉത്പാദിപ്പിക്കുന്നതാണ്. രണ്ട് സൗരോർജ്ജ പദ്ധതികളുമുണ്ട്. 700 മെഗാവാട്ട് ശേഷിയുള്ള യാൻബുവിലെ കാറ്റാടി പദ്ധതിയിൽ നിന്ന് 1,800 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കും. അൽ ഘട്ടിൽ 600 മെഗാവാട്ടും വാദ് അൽ ഷമാലിൽ 500 മെഗാവാട്ട് വൈദ്യുതിയുമാണ് ഉല്‍പ്പാദിപ്പിക്കുക.
അൽ ഹെനാക്കിയയിലെ സൗരോര്‍ജ പ്ളാന്‍റിന് 1,100 മെഗാവാട്ടും തുബർജാലിൽ നിന്ന് 1,500 മെഗാവാട്ടുമാണ് ശേഷി. 2030 ഓടെ 1 ദശലക്ഷം ബിപിഡിക്ക് തുല്യമായ പുനരുപയോഗ, വാതക ശേഷി വർദ്ധിപ്പിക്കാണ് നീക്കമെന്ന് അതോറിറ്റി വ്യക്തമാക്കി. ഊർജ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള സൗദി അറേബ്യയുടെ നാഷണൽ റിന്യൂവബിൾ എനർജി പ്രോഗ്രാമിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമാണ് പദ്ധതികൾ.
2030ഓടെ രാജ്യത്തെ മൊത്തം വൈദ്യുതി ആവശ്യത 365.4 ടെറാവാട്ട് (TWh) ആയി ഉയരുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുനരുപയോഗ ഊര്‍ജ്ജത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പുതിയ പദ്ധതികളിലൂടെ 50 ശതമാനം ഉത്പാദനം വര്‍ദ്ധിപ്പിക്കുകയാണ് സൗദി. വന്‍ മുതല്‍മുടക്കുകളും പുതിയ പദ്ധതികൾക്കായി നീക്കിവച്ചിട്ടുണ്ട്.