ഹറമൈൻ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർധിപ്പിച്ച് സൗദി റെയിൽവേ. ഹജ്ജ് സീസണിൽ തീർത്ഥാടകരുടെ യാത്രാ സൗകര്യം കണക്കിലെടുത്താണ് ട്രെയിൽ സർവ്വീസുകൾ വർധിപ്പിക്കാൻ റെയിവെ തീരുമാനിച്ചത്. മക്കയ്ക്കും മദീനയ്ക്കുമിടയിൽ പ്രതിദിന സർവീസുകളുടെ എണ്ണം 126 വരെയായി ഉയർത്തിയിട്ടുണ്ട്.
ഹജ്ജ് സീസണിൽ 3,400 ലേറെ ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. 15 ലക്ഷത്തിലേറെ യാത്രക്കാർക്ക് ഇതുവഴി സുഗമമായി യാത്രചെയ്യാനും സാധിക്കും. എങ്കിലും തീർത്ഥാടകരുടെ തിരക്ക് വർധിച്ചതിനേത്തുടർന്നാണ് മക്കയ്ക്കും മദീനയ്ക്കുമിടയിൽ പ്രതിദിന സർവീസുകളുടെ എണ്ണം 126 വരെയായി ഉയർത്തിയത്. മക്ക റെയിൽവേ സ്റ്റേഷനിൽ നിന്ന് ഹറമിലേക്കും തിരിച്ചുമുള്ള ബസ് സർവീസുകളുമായി ട്രെയിൻ സർവീസുകളെ ബന്ധിപ്പിക്കുന്നത് തുടരുമെന്ന് സൗദി റെയിൽവെ കമ്പനി ഡപ്യൂട്ടി സിഇഒ റയാൻ അൽഹർബി പറഞ്ഞു.
കഴിഞ്ഞ ഹജ്ജ് സീസണിൽ എട്ടു ലക്ഷത്തിലേറെ പേർ ഹറമൈൻ ട്രെയിൻ വഴി യാത്ര ചെയ്തിരുന്നു എന്നും റയാൻ അൽഹർബി പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത കൂടിയ പത്ത് ഇലക്ട്രിക് ട്രെയിൻ സർവീസുകളിൽ ഒന്നാണ് ഹറമൈൻ ട്രെയിൻ. മണിക്കൂറിൽ 300 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത നിശ്ചയിച്ചിരിക്കുന്നത്.