സൗദി അറേബ്യയിൽ ഖബർസ്ഥാനുകൾ നിർമ്മിക്കുന്നതും പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമാനദണ്ഡങ്ങൾ നിശ്ചയിച്ച് മുനിസിപ്പൽ മന്ത്രാലയം. രാജ്യത്ത് ഖബറുകൾ അലങ്കരിക്കുന്നതും പേരുകൾ എഴുതുന്നതും വിലക്കിയിട്ടുണ്ട്. ഖബറാണെന്ന് തിരച്ചറിയാൻ സാധിക്കുന്ന വിധം നമ്പറുകൾ നൽകാൻ സാധിക്കുമെന്നാണ് മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയത്തിന്റെ മാർഗനിർദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഖബറുകൾ അലങ്കരിക്കുക, ഖബറുകൾ പ്രത്യേകം കെട്ടിയുയർത്തുക, നിറങ്ങളടിക്കുക, പേരുകൾ എഴുതുക, അലങ്കാരത്തിനായി മരങ്ങൾ നടുക, വെളിച്ച സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഖബർസ്ഥാനിൽ സ്ഥിരമായ ചാപ്പലുകൾ നിർമ്മിക്കുന്നതും പ്രാർത്ഥനയ്ക്കായി പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കുന്നതും മസ്ജിദുകൾ, സ്കൂളുകൾ, പൊതുയോഗ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഖബർസ്ഥാനുകൾ സ്ഥാപിക്കുന്നതും കർശനമായി വിലക്കിയിട്ടുണ്ട്.
ഖബർസ്ഥാനുകൾ ജനവാസ മേഖലയിൽ നിന്നും വിദൂരത്താകരുത്, ഖബറുകൾ കുഴിക്കുന്നത് അനുയോജ്യമായ ഭൂപ്രകൃതിയിലായിരിക്കണം, വെള്ളപ്പൊക്കത്തിനോ മണ്ണൊലിപ്പിനോ സാധ്യതയില്ലാത്ത സ്ഥലമാകണം തുടങ്ങിയവയും ഖബർസ്ഥാനുകൾ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡമായി മന്ത്രാലയം പറയുന്നുണ്ട്.