സൗദി അറേബ്യയുടെ പുതിയ ചാനലായ ‘സൗദി നൗ’ സെപ്റ്റംബർ 23-ന് ആരംഭിക്കും. വാർത്താവിതരണ മന്ത്രിയും റേഡിയോ ആന്റ് ടെലിവിഷൻ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ സൽമാൻ ബിൻ യൂസഫ് അൽ ദോസരിയാണ് ചാനൽ സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ 93-ാം ദേശീയ ദിനമായ 23-നാണ് ചാനൽ പ്രവർത്തനമാരംഭിക്കുക.
രാജ്യത്തിന്റെ എല്ലാ ഔദ്യോഗിക വിനോദ പരിപാടികളും പ്രവർത്തനങ്ങളും പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമായാണ് സൗദി നൗ ചാനൽ പ്രവർത്തിക്കുക. രാജ്യത്തുടനീളമുള്ള വിവിധ പരിപാടികൾ കവർ ചെയ്യുന്നതിനായി സൗദി നൗ ചാനലിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി റേഡിയോ ആന്റ് ടെലിവിഷൻ കോർപ്പറേഷൻ സിഇഒ മുഹമ്മദ് ബിൻ ഫഹദ് അൽ ഹാരിതി പറഞ്ഞു.