2035ഓടെ ഭക്ഷ്യ വ്യവസായത്തിൽ 20 ബില്യൺ ഡോളറിന്റെ നിക്ഷേപം ലക്ഷ്യമിട്ട് സൗദി അറേബ്യ. സൗദി വ്യവസായ, ധാതു വിഭവ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മധുരപലഹാരങ്ങൾ, പാനീയ മേഖലകൾ,ഡയറി, ബേക്കറി, എന്നിവയുൾപ്പെടെ രാജ്യത്തെ ഭക്ഷ്യ വ്യവസായത്തിന്റെ വികസനത്തിന് ഈ നിക്ഷേപം ഉപയോഗിക്കും.
താരതമ്യേന ഗുണങ്ങളുള്ള നിരവധി കാർഷിക വിളകളുടെ മൂല്യം പരമാവധി വർദ്ധിപ്പിക്കാനും കയറ്റുമതി മൂല്യം 2022-ൽ 3.7 ബില്യൺ ഡോളറിൽ നിന്ന് 2035-ൽ 10.9 ബില്യൺ ഡോളറായി ഇരട്ടിയാക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു. ഭക്ഷ്യ വ്യവസായങ്ങളുടെ സുസ്ഥിര വളർച്ച വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ദേശീയ വ്യാവസായിക ലക്ഷ്യങ്ങൾക്ക് അനുസൃതമാണ് മന്ത്രാലയത്തിന്റെ ഈ നടപടി.
അൽമറൈ കമ്പനിയുടെ കോഴിവളർത്തൽ ശേഷി വർധിപ്പിക്കുന്നതിനായി 1.2 ബില്യൺ ഡോളറിന്റെ വിപുലീകരണ പദ്ധതി ഉൾപ്പെടെ നിരവധി പദ്ധതികളിൽ മന്ത്രാലയം നിലവിൽ പ്രവർത്തിക്കുകയാണെന്ന് വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ അൽ-ഖൊറായ്ഫ് പറഞ്ഞു. പുതിയ നിക്ഷേപങ്ങൾ ഈ മേഖലയിൽ 4,000 ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അൽ-ഖൊറായ്ഫ് പറഞ്ഞു.