സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലെ പള്ളിക്ക് പുറത്ത് ഖുർആനിന്റെ കോപ്പി കത്തിച്ചതിൽ പ്രതിഷേധം അറിയിച്ച് സൗദി അറേബ്യ. ഞായറാഴ്ച സ്വീഡൻ പ്രതിനിധിയെ റിയാദിലേക്ക് വിളിച്ചുവരുത്തി സൗദി അറേബ്യ പ്രതിഷേധം അറിയിച്ചു.
സഹിഷ്ണുതയുടെയും മിതത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് വിരുദ്ധമായ ഏതൊരു പ്രവൃത്തിയും നിർത്തണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഒരു പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
സൽവാൻ മോമിക എന്ന യുവാവാണ് പെരുന്നാൾ ദിനത്തിൽ സ്റ്റോക്ക്ഹോമിലെ ഏറ്റവും വലിയ പള്ളിക്ക് മുന്നിൽ ഖുർആന്റെ പകർപ്പ് കത്തിച്ചത്. സംഭവത്തിൽ കുവൈത്ത്, യുഎഇ, ഇറാൻ എന്നീ രാജ്യങ്ങൾ സ്വീഡന്റെ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. കൂടാതെ ജോർദാനും മൊറോക്കോയും സ്വീഡനിലെ അംബാസിഡറെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.