സൗദി അറേബ്യയിൽ അതിശക്തമായി ചൂട് കൂടുന്ന സാഹചര്യത്തിൽ പുറം തൊഴിലാളികൾക്ക് ഉച്ചവിശ്രമം പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് മധ്യാഹ്ന ഇടവേള നടപ്പിലാക്കുകയെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെയുള്ള സമയത്ത് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതാണ് നിരോധിച്ചിരിക്കുന്നത്.
വേനലിലെ ശക്തമായ ചൂടിൽ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. നിയമലംഘനം നടത്തുന്നവർക്ക് 3,000 ദിർഹം വരെ പിഴ ചുമത്തുകയും ചെയ്യും. തെറ്റ് ആവർത്തിച്ചാൽ ഇരട്ടി തുക പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളികൾക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാർക്കും ഉച്ചവിശ്രമ നിയമം ബാധകമായിരിക്കില്ല. ഈ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വെയിലിൽ നിന്ന് സംരക്ഷണം നൽകാൻ ആവശ്യമായ ക്രമീകരണങ്ങൾ തൊഴിലുടമകൾ ഏർപ്പെടുത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.