ഹജ്ജ് തീർത്ഥാടകർക്ക് സൗജന്യ ഇന്റർനെറ്റ് സംവിധാനവുമായി സൗദി അറേബ്യ. തീർത്ഥാടനത്തിനായി എത്തുന്നവർക്ക് ഓൺലൈൻ സേവനങ്ങൾ അതിവേഗം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മക്ക ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് വൈഫൈ ലഭ്യമാക്കിയിരിക്കുന്നത്.
മക്ക, അൽജിറാന ഏരിയയിലുള്ള അൽതനൈം, അൽഹാൽ മോസ്ക്, ഖർന് അൽ മനാസിൽ, വാദി മുഹർറം മീഖാത് എന്നിവിടങ്ങളിലും സൗജന്യ വൈഫൈ ലഭ്യമാക്കിയിട്ടുണ്ട്. ഇസ്ലാമിക് ലൈബ്രറിയിലെ 3000ത്തിലധികം നിയമ, കർമശാസ്ത്ര വിവരങ്ങൾ 45 ഭാഷകളിൽ ലഭ്യമാകും. കൂടാതെ ഹജ്ജുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ വീഡിയോകൾ കണ്ട് തീർത്ഥാടകർക്ക് മനസിലാക്കാനും സാധിക്കും.
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അവ ദുരീകരിക്കാനും ഇതുവഴി സാധിക്കും. അതിനുപുറമെ തീർത്ഥാടകർക്ക് സ്വന്തം കുടുംബങ്ങളുമായി ആശയവിനിമയത്തിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. പുതിയ സേവനം തീർത്ഥാടകർക്ക് ഗുണപ്രദമാകുമെന്നാണ് വിലയിരുത്തൽ.