പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട യുഎസ് പൗരന്റെ വധിശിക്ഷ നടപ്പാക്കി സൗദി അറേബ്യ. ബിഷോയ് ഷെരീഫ് നാജി നസീഫിന്റെ വധശിക്ഷ റിയാദ് മേഖലയിലാണ് നടപ്പാക്കിയതെന്ന് സൗദി ഔദ്യോഗിക പ്രസ് ഏജൻസി അറിയിച്ചു. ഇതോടെ സൗദിയിൽ ഈ വർഷം വധശിക്ഷ നടപ്പിലാക്കിയ വിദേശികളുടെ എണ്ണം 19 ആയി.
നസീഫ് തന്റെ ഈജിപ്ഷ്യൻ പൗരനായ പിതാവിനെ ക്രൂരമായി മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മരണശേഷം മൃതദേഹം വികൃതമാക്കുകയും ചെയ്തതായും മയക്കുമരുന്ന് ഉപയോഗിച്ച ശേഷം മറ്റൊരാളെയും കൊല്ലാൻ ശ്രമിച്ചതായും കോടതി കണ്ടെത്തിയെന്ന് സൗദി പ്രസ് ഏജൻസി വ്യക്തമാക്കി.
ജൂലൈയിലാണ് നസീഫിനെ ഒരു യുഎസ് കോൺസുലർ ഉദ്യോഗസ്ഥൻ അവസാനമായി സന്ദർശിച്ചത് . കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കിയ രാജ്യങ്ങളിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് സൗദി അറേബ്യയെന്ന് ആംനസ്റ്റി ഇന്റർനാഷണൽ അറിയിച്ചു. 2015ൽ സൽമാൻ രാജാവ് അധികാരമേറ്റതിന് ശേഷം 1000-ലധികം വധശിക്ഷകൾ നടപ്പാക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.