പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ സൗദി അറേബ്യയും ബ്രിട്ടനും തമ്മില്‍ കരാര്‍. ഇരുരാജ്യങ്ങളും പ്രതിരോധ സഹകരണ പദ്ധതിയിൽ ഒപ്പുവച്ചു. സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. ലണ്ടനിലെ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് ചൊവ്വാഴ്ചയായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.
സൗദി പ്രതിരോധ മന്ത്രാലയത്തിന്‍റെ ശേഷി വർധിപ്പിക്കുക, സൈനിക വ്യവസായങ്ങൾ പ്രാദേശികവത്കരിക്കുക, സൈനിക-പ്രതിരോധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക തുടങ്ങി സുപ്രധാന ലക്ഷ്യങ്ങളാണ് പരസ്പര സഹകരണ കരാറിലുളളത്. പ്രതിരോധ മേഖലയിലെ പുതിയ വെല്ലുവിളികളും ആഗോള സംഭവ വികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
ലണ്ടനിലെത്തിയ അമീർ ഖാലിദിനെ റോയൽ കാവൽറി ഗാർഡ് സ്ക്വയറിൽ ഔദ്യോഗിക സ്വീകരണം നല്‍കി. പ്രതിരോധ സഹകരണ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിലും ഒപ്പിടൽ ചടങ്ങിലും ബ്രിട്ടനിലെ സൗദി സ്ഥാനപതി അമീർ ഖാലിദ് ബിൻ ബന്ദർ, ബ്രിട്ടീഷ് വ്യോമസേന ചീഫ് ഓഫ് സ്റ്റാഫ് എയർ ചീഫ് മാർഷൽ സർ മൈക്കിൾ വിഗ്സ്റ്റൺ, സൗദിയിലെ ബ്രിട്ടീഷ് സ്ഥാനപതി നീൽ ക്രോംപ്ടൺ തുടങ്ങി ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുത്തു.