സൗദി എയർലൈൻസ് 105 പുതിയ വിമാനങ്ങൾ കൂടി വാങ്ങുന്നു. ഇതിനായി സൗദിയ എയർബസുമായി 12 ബില്യൺ ഡോളറിന്റെ കരാറിലെത്തി. 2030-ഓടെ 150 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളെ ആകർഷിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നുണ്ട്. അതിനാൽ, 12 എ320 നിയോസ്, 93 എ321 നിയോസ് എന്നിവയാണ് ഈ ഓർഡറിൽ ഉൾപ്പെടുന്നത്.
105 നാരോബോഡി ജെറ്റുകൾ വാങ്ങാനാണ് സൗദി എയർലൈൻസ് എയർബസുമായി കരാറിലെത്തിയത്. സൗദിയുടെ 80 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടപാടാണിത്. 180 ലധികം പുതിയ വിമാനങ്ങൾ തങ്ങൾക്ക് ആവശ്യമുണ്ടെന്നും, എന്നാൽ 2032ന് മുമ്പ് ഡെലിവറി ചെയ്യാൻ വിമാന നിർമ്മാണ കമ്പനിക്ക് സാധിക്കാത്തിനാലാണ് എണ്ണം കുറച്ചതെന്നും സൗദി എയർലൈൻസ് വക്താവ് അബ്ദുല്ല അൽഷഹ്റാനി വ്യക്തമാക്കി. ഓർഡർ ചെയ്ത വിമാനങ്ങൾ 2026 മുതൽ സൗദിയിൽ എത്തി തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതിൽ പകുതിയോളം വിമാനങ്ങളും ബജറ്റ് സർവീസ് നടത്തുന്ന ഫ്ളൈ അദീലിന് ഉപയോഗിക്കും. നിലവിൽ സൗദിയക്കും ഫ്ലൈ അദീലിനും 170-ലധികം എയർബസ്, ബോയിംഗ് വിമാനങ്ങളുണ്ട്. 100 ലധികം വിമാനത്താവളങ്ങളിലേക്കാണ് ഇവ സർവീസ് നടത്തുന്നത്. സൗദിയ എയർലൈൻസ് കഴിഞ്ഞ വർഷം ബോയിംഗിൽ നിന്ന് 787 ഡ്രീംലൈനർ ശ്രേണിയിൽപ്പെട്ട മൂന്ന് ഡസനിലധികം വിമാനങ്ങൾ ഓർഡർ ചെയ്തിരുന്നു.