ഹജ്ജ് കർമ്മം നിർവ്വഹിക്കാനൊരുങ്ങി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. താരം തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കിട്ടത്. ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചുവെന്നും ജീവിതത്തിൽ ആരോടെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്തുതരണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പാണ് സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നിങ്ങളുടെ പ്രാർത്ഥനയിൽ തന്നേയും ഓർക്കണമെന്നും താരം കൂട്ടിച്ചേർത്തു.
‘എന്റെ പ്രിയപ്പെട്ടവരോടും കൂട്ടുകാരോടും, ഹജ്ജ് എന്ന പരിശുദ്ധ കർമം ചെയ്യാനുള്ള ഭാഗ്യം എനിക്കും ലഭിച്ചിരിക്കുന്നു. ഞാനും അനുഗ്രഹിക്കപ്പെട്ടവളായി മാറിയിരിക്കുന്നു. ഈ പരിവർത്തന അനുഭവത്തിലൂടെ കടന്നുപോകുമ്പോൾ, എൻ്റെ തെറ്റുകൾ പൊറുത്തുതരണമെന്ന് ഞാൻ നിങ്ങളെല്ലാവരോടും അപേക്ഷിക്കുന്നു. ആത്മീയ നവീകരണം തേടാനുള്ള ഈ അവസരത്തിൽ എൻ്റെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞിരിക്കുന്നു. എൻ്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകാനും ഈ അനുഗ്രഹീതമായ പാതയിലൂടെ എന്നെ നയിക്കാനും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഞാൻ അങ്ങേയറ്റം ഭാഗ്യമുള്ളവളും നന്ദിയുള്ളവളുമാണ്. ഈ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെ ഓർക്കുക. എളിമയുള്ള ഹൃദയമുള്ള, കരുത്തുറ്റ വിശ്വാസമുള്ള മനുഷ്യനായി തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ് സാനിയ കുറിച്ചത്.
നേരത്തെ ഉംറ നിർവഹിക്കാൻ സാനിയ കുടുംബസേമതം മക്കയിലെത്തിയിരുന്നു. മകൻ ഇഹ്സാൻ മിർസ മാലിക്, മാതാപിതാക്കളായ ഇമ്രാൻ മിർസ, നസീമ മിർസ, സഹോദരി അനം മിർസ, സഹോദരീ ഭർത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീൻ തുടങ്ങിയവർക്കൊപ്പമാണ് താരം ഉംറ നിർവ്വഹിക്കാനെത്തിയത്.