ലേബർ കോടതിയുടെ ഇടപെടലിനെത്തുടർന്ന് അബുദാബിയിലെ 3,806 തൊഴിലാളികൾക്ക് 106 ദശലക്ഷം ദിർഹം കുടിശ്ശിഖ ശമ്പളം ലഭ്യമായി. ഇക്കൊല്ലം ആദ്യ മൂന്ന് മാസങ്ങളിലെ കേസുകളിലാണ് കോടതിയുടെ അതിവേഗ ഉത്തരവുണ്ടായത്. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി മുമ്പാകെ രജിസ്റ്റർ 1,932 കേസുകളില്‍ 98 ശതമാനത്തിനും തീര്‍പ്പുകല്‍പ്പിച്ചു. 506 അപ്പീല്‍ കേസുകളില്‍ 97 ശതമാനവും തീര്‍പ്പാക്കിയെന്നും പുറത്തുവന്ന സ്ഥിരിവിവരണക്കണക്കുകൾ വ്യക്തമാക്കുന്നു.
അബുദാബി കോടതികളിൽ തൊഴിൽ തർക്കങ്ങൾ കൈകാര്യം ചെയ്യാൻ സ്വീകരിച്ചിട്ടുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി എളുപ്പത്തിൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനും വീഡിയോ കോൺഫറൻസിങ് സാങ്കേതികവിദ്യയിലൂടെ റിമോട്ട് ഹിയറിംഗ് നടത്തുന്നതിനും അവസരമുണ്ട്. മോബൈല്‍ കോടതികൾ പ്രവര്‍ത്തിക്കുന്നതും സമയപരിധിക്കുളളില്‍ കേസുകൾ തീര്‍പ്പാക്കാന്‍ സഹായകരമാകുന്നെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (എഡിജെഡി) അണ്ടർസെക്രട്ടറി യൂസഫ് സയീദ് അൽ അബ്രി പറഞ്ഞു.
2022ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 24,687 സെറ്റിൽഡ് ഇലക്‌ട്രോണിക് അഭ്യർത്ഥനകളില്‍ ലഭിച്ചു. രജിസ്റ്റര്‍ ചെയത 806 അഭ്യർത്ഥനകൾക്ക് ‘ഇൻക്വയർ’ പ്ലാറ്റ്‌ഫോം വഴി മറുപടി നല്‍കി. 97 ശതമാനം മറുപടികളും അനുവദിച്ച സമയപരിധിക്കുള്ളിൽ നൽകാന്‍ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് 2021-ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 33-ൽ നിലവിൽ വന്ന പുതിയ ആർട്ടിക്കിളുകൾക്ക് അനുസൃതമായി ജുഡീഷ്യൽ സമീപനങ്ങൾ ഏകീകരിക്കുന്നതിനും നടപടിക്രമങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ലേബർ കോടതിയുടെ പ്രതിബദ്ധതയും അൽ അബ്രി ചുണ്ടിക്കാട്ടി.