ജനുവരി മൂന്ന് മുതൽ തിരുവനന്തപുരത്തേയ്ക്ക് വിമാനസർവീസുകൾ ആരംഭിക്കാനൊരുങ്ങി ഒമാൻ്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. മസ്കത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് എല്ലാ ആഴ്ചയും രണ്ട് സർവീസുകൾ വീതമാണ് സലാം എയർ നടത്തുക. ഇതുമായി ബന്ധപ്പെട്ട ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
ബുധൻ, ഞായർ ദിവസങ്ങളിൽ രാത്രി 10.15-ന് മസ്കത്ത് നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.25-ന് തിരുവനന്തപുരത്തെത്തും. 66.20 റിയാലാണ് ഇവിടേയ്ക്കുള്ള ടിക്കറ്റ് നിരക്ക്. ഇതിൽ ഏഴ് കിലോ ഹാൻഡ് ബാഗും 20 കിലോ ചെക്ക് ഇൻ ലഗേജും കൊണ്ടുപോകാൻ സാധിക്കും. ഏഴ് റിയാൽ അധികം നൽകിയാൽ ചെക്ക് ഇൻ ലഗേജ് 30 കിലോ ആയി ഉയർത്താനും സാധിക്കും. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് തിരുവനന്തപുരത്ത് നിന്ന് മസ്‌കത്തിലേയ്ക്ക് വിമാനം സർവീസ് നടത്തുക. പുലർച്ചെ 4.10-ന് പുറപ്പെടുന്ന വിമാനം രാവിലെ 6.30-നാണ് മസ്‌കത്തിൽ എത്തുക. 115.50 റിയാലാണ് ഇവിടേയ്ക്കുള്ള ടിക്കറ്റ് നിരക്ക്.
ഇന്ത്യയിലേയ്ക്കുള്ള സര്‍വീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് സലാം എയറിന്റെ പുതിയ തീരുമാനം. ഡിസംബർ 16 മുതൽ കോഴിക്കോടേയ്ക്കുള്ള സർവീസുകളും ഡിസംബർ 17 മുതൽ ലക്‌നോവിലേക്കുള്ള വിമാനസർവീസുകളും സലാം എയർ ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്‌പൂർ, ലഖ്നോ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് മസ്‌കത്തിൽ നിന്ന് നേരിട്ട് സലാം എയർ സർവീസ് നടത്തുക. ഒക്ടോബർ ഒന്ന് മുതൽ സലാം എയർ ഇന്ത്യയിലേയ്ക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കിയിരുന്നു.