പ്രൗഢമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന അബുദാബി സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിന്റെയും അനുബന്ധ സാംസ്‌കാരിക കേന്ദ്രങ്ങളുടെയും നിർമ്മാണം 2025-ൽ പൂർത്തിയാകുമെന്ന് അബുദാബി കൾച്ചർ ആന്റ് ടൂറിസം വകുപ്പ് അധികൃതർ വ്യക്തമാക്കി.
സായിദ് നാഷണൽ മ്യൂസിയം, ഗുഗൻഹെയിം അബുദാബി, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി, ടീംലാബ് ഫിനോമിന അബുദാബി തുടങ്ങിയ നിരവധി സാംസ്‌കാരിക കേന്ദ്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത്. ഇവയുടെ നിർമ്മാണം ഏകദേശം 76 ശതമാനത്തോളം പൂർത്തിയായതായാണ് റിപ്പോർട്ട്. ലൂവർ അബുദാബി മ്യൂസിയം സ്ഥിതി ചെയ്യുന്നതും സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിലാണ്.
സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇവിടം മറ്റ് പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങൾക്ക് കൂടി വേദിയാകുമെന്നാണ് വിലയിരുത്തൽ. പ്രൗഢമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന കൾച്ചറൽ ഡിസ്ട്രിക്ടിൽ സാംസ്‌കാരിക പ്രദർശനങ്ങൾ, മ്യൂസിയങ്ങൾ, മേഖലയുടെ പ്രധാന ആകർഷണങ്ങൾ എന്നിവയ്‌ക്കൊപ്പം ആഗോള സാംസ്‌കാരിക കാഴ്ചകളും ഇവിടെ ഒരുക്കുന്നുണ്ട്.