ദുബായിൽ പോലീസുകാരെന്ന വ്യാജേന കുങ്കുമപ്പൂ വ്യാപാരിയില്‍നിന്ന്
470,000 ദിർഹം കൊള്ളയടിച്ച സംഘം ദുബായ് പോലീസിന്‍റെ പിടിയിലായി. ആറ് ഏഷ്യക്കാരും അറബ് വംശജനും അടങ്ങുന്ന സംഘമാണ് പിടിയിലായത്. പ്രതികളെ ആറ് മാസം തടവിന് വിധിച്ച കോടതി ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും ഉത്തരവിട്ടു.
കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. എമിറേറ്റിലെ നായിഫ് ഏരിയയിലെ തന്റെ വീട്ടിലെത്തിയ സംഘം ആക്രമിച്ച് പണം തട്ടിയതായി വ്യാപാരി കേസ് ഫയൽ ചെയ്യുകയായിരുന്നു. പോലീസുകാരാണെന്ന് അവകാശപ്പെട്ടാണ് സംഘം വീട്ടിലെത്തിയത്. മൂന്ന് പേർ തന്റെ വാതിലിൽ മുട്ടുകയും ‘ബാഡ്ജ്’ കാണിക്കുകയും ചെയ്തു.
തുടർന്ന് മൂവരും ഇയാളുടെ വീട്ടിൽ അതിക്രമിച്ച് കയറി. ഉപജീവനത്തിനായി എന്താണ് ചെയ്യുന്നതെന്നും പണം എവിടെയാണ് സൂക്ഷിച്ചതെന്നും ചോദിച്ചു. ഇതിനിടെ ഒരാൾ തന്റെ മുറിയിൽ നിന്ന് 470,000 ദിർഹം പണം കൈവശപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വ്യാപാരിയെ മര്‍ദ്ദിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തു.
കൃത്യത്തിന് ശേഷം രക്ഷപെട്ട സംഘത്തിലെ ഗൾഫ് പൗരനെ അന്വേഷണസംഘം തിരിച്ചറിയുകയായിരുന്നു. ഇയാളുടെ കൈവശം പണവും കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും മറ്റ് സംഘാംഗങ്ങളുടെ വിവരങ്ങൾ കൈമാറുകയും ചെയ്തു. ദുബായ് ക്രിമിനൽ കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.