സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനമായ റിയാദ് എയർ രാജ്യത്തിൻ്റെ തലസ്ഥാനത്തിന് മുകളിലൂടെ ആദ്യ പറക്കൽ പൂർത്തിയാക്കി.തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെ റിയാദിന് മുകളിലൂടെയാണ് റിയാദ് എയറിൻ്റെ ബോയിംഗ് 787 ഡ്രീംലൈനർ പറന്നത്.
2025-ൽ ആരംഭിക്കാനിരിക്കുന്ന സ്റ്റാർട്ടപ്പ് എയർലൈൻ ഔദ്യോഗികമായി പറന്നുയരുന്നത് ഇതാദ്യമാണ്. കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ്, കിംഗ് ഖാലിദ് ഗ്രാൻഡ് മോസ്‌ക്, രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ കിംഗ്ഡം സെന്റർ, ആകാശം മുട്ടുന്ന അൽ ഫൈസാലിയ ടവർ എന്നിവ വലം ചുറ്റിയായിരുന്നു ആദ്യപറക്കൽ.
എയർലൈനിൻ്റെ പർപ്പിൾ ലൈവറി പ്രദർശിപ്പിച്ചുകൊണ്ട് ഡ്രീംലൈനർ നഗരത്തിന് മുകളിലൂടെ താഴ്ന്ന് പറന്നത് ജനസഞ്ചയം കരഘോഷത്തോടെ വീക്ഷിച്ചു. രജിസ്റ്റർ ചെയ്ത N8572C വിമാനത്തിനൊപ്പം സൗദി ഹോക്‌സിൻ്റെ ഒരു ജെറ്റ്, റോയൽ സൗദി എയർഫോഴ്‌സിൻ്റെ ഡിസ്‌പ്ലേ ടീം എന്നിവരും ഉണ്ടായിരുന്നു.
സൗദി അറേബ്യയുടെ വ്യോമയാന രംഗത്തെ ചരിത്ര നിമിഷങ്ങളിൽ ഒന്നായി മാറി റിയാദ് എയറിൻ്റെ ആദ്യ പറക്കൽ. രണ്ട് ലിവറി ഡിസൈനുകളിലാണ് റിയാദ് എയറിൻ്റെ ആദ്യഘട്ട വിമാനങ്ങൾ പുറത്തിറങ്ങുക. ലാവെൻഡർ, ഇൻഡിഗോ നിറത്തിലുളളതാണ് വിമാനങ്ങൾ. ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) കഴിഞ്ഞ ആഴ്‌ച അംഗീകരിച്ചത് അനുസരിച്ച് എല്ലാ റിയാദ് എയർ ഫ്ലൈറ്റുകളും RX കോഡ് ഉപയോഗിച്ച് പ്രവർത്തിക്കും.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ കാഴ്ചപ്പാടിൻ്റെ ഭാഗമാണ് കമ്പനി രൂപം കൊണ്ടത്. സൗദിയുടെ പൊതു നിക്ഷേപ ഫണ്ടിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഈ എയർലൈൻ. അബുദാബി ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സിൻ്റെ മുൻ ചീഫ് എക്‌സിക്യൂട്ടീവായ ടോണി ഡഗ്ലസാണ് പുതിയ വിമാനക്കമ്പനിയുടെ ചുക്കാൻ പിടിക്കുന്നത്.