ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176 കി.മീ നീളത്തിലായി ആറ് ലൈനുകളുള്ള മെട്രോയുടെ ആദ്യ മൂന്ന് ലൈനുകൾ ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും.
2013-ൽ അബ്ദുല്ല രാജാവിൻ്റെ ഭരണകാലത്ത് പ്രഖ്യാപിച്ച പദ്ധതിയാണ് റിയാദ് മെട്രോ. ഡിസംബർ 15ന് രണ്ടാം ഘട്ട ലൈനുകളും ജനുവരി അഞ്ചിന് മുഴുവൻ ലൈനുകളും തുറക്കും. രണ്ട് മണിക്കൂറിന് നാല് റിയാൽ മാത്രമാണ് യാത്രാ ചിലവ്. 6 റൂട്ടുകളിലായി നാല് സെൻട്രൽ സ്റ്റേഷനുകളടക്കം ആകെ 85 സ്റ്റേഷനുകളാണ്.
ബ്ലൂ, റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ, പർപ്പ്ൾ എന്നീ ആറ് നിറങ്ങളാണ് റെയിൽ പാതക്കും ട്രയിനുകൾക്കും. ഇതിൽ ആദ്യ ഘട്ടത്തിൽ ഡിസംബർ ഒന്നിന് ബ്ലൂ, യെല്ലോ, പർപ്പിൾ ലൈനുകൾ സർവീസ് തുടങ്ങും. രാവിലെ ആറ് മുതൽ രാത്രി പന്ത്രണ്ട് വരെയാണ് സർവീസ്. ഡിസംബർ 15ന് ഗ്രീൻ, റെഡ് ലൈനുകളും തുറക്കും. ജനുവരി അഞ്ചിനാണ് അവസാന റൂട്ടായ ഓറഞ്ച് ലൈൻ തുറക്കുക.