അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെ യുഎഇയിൽ ഉൾപ്പെടെ അരിവില കുതിച്ചുയരുന്നു. കഴിഞ്ഞ ഓഗസ്‌റ്റ് മുതലാണ് ഇന്ത്യ അരി കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. യുഎഇക്ക് പുറമെ ലോക വിപണിയിലും അരി വില വർധിക്കുകയാണ്. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ വില വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
യുഎഇയിലേക്ക് അരി എത്തിക്കുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അരി കയറ്റുമതിയിൽ ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഏഷ്യൻ രാജ്യങ്ങളിലെ അരി ഇനമായ തായ് വൈറ്റ് ബ്രോക്കൺ അരിയുടെ വില കുതിച്ചുയർന്നു. ഇന്ത്യൻ അരിക്ക് പുറമെ 1006 എന്ന ഏകീകൃത കസ്റ്റംസ് കോഡിൽ വരുന്ന എല്ലാതരം അരികളും വിലക്കിന്റെ പരിധിയിൽ വരും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ടണ്ണിന് 57 ഡോളർ ഉയർന്ന് 640 ഡോളറായി മാറി. യുഎഇയിൽ അരിവില വർധിച്ചെങ്കിലും അരിക്ക് ഇതുവരെ ക്ഷാമം നേരിട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ ഇന്ത്യ അരി കയറ്റുമതിയിലെ നിയന്ത്രണം തുടരുമെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിലും അരി വിലയിൽ കാര്യമായ വർധനയുണ്ടാകുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. അരി കയറ്റുമതിയിൽ ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയതോടെ തായ് അരിക്ക് ബ്രസീൽ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ ആവശ്യക്കാർ വർധിച്ചു.