ഇതിലും വലിയ വിലക്കുറവ് സ്വപ്നങ്ങളിൽ മാത്രം. അതെ, ഈ വർഷത്തെ റമദാൻ മാസത്തിന് മുന്നോടിയായി മികച്ച ഓഫറുകളാണ് ഷാർജ നിവാസികൾക്കായി ഒരുക്കിയിരിക്കുന്നത്. ഏകദേശം 10,000 ഇനങ്ങളുടെ വിലയാണ് കുത്തനെ കുറച്ചിരിക്കുന്നത്. ഇതിനായി 35 ദശലക്ഷം ദിർഹം അനുവദിച്ചതായി ഷാർജ സഹകരണ സൊസൈറ്റിയാണ് പ്രഖ്യാപിച്ചത്.
വില കുറച്ച ഉല്പന്നങ്ങളിൽ 80 ശതമാനവും അവശ്യ ഭക്ഷ്യ വസ്തുക്കളാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പാചക എണ്ണ, മൈദ, അരി തുടങ്ങിയ പ്രധാന പലചരക്ക് സാധനങ്ങളുടെ വിലയിൽ 75 ശതമാനം വരെയാണ് കുറവുണ്ടാകുക. ഇതിന് പുറമെ പ്രതിവാര ഓഫറുകളും
ജനങ്ങൾക്ക് ലഭ്യമാക്കും. ഇവയെല്ലാം ഷാർജയിലുടനീളം സ്ഥിതി ചെയ്യുന്ന 67 ശാഖകളിൽ ലഭ്യമാണെന്നും റീട്ടെയിലർമാർ വ്യക്തമാക്കി.
ഓരോ ആഴ്ചയും രണ്ട് സുസുക്കി ഡിസയർ കാറുകൾ, 5,000 ദിർഹം വിലയുള്ള 30 ഫർണിച്ചർ ഗിഫ്റ്റ് കാർഡുകൾ, 300 ദിർഹമോ അതിൽ കൂടുതലോ ചെലവഴിക്കുന്ന ഷോപ്പർമാർക്കായി 1,000 ദിർഹം വിലയുള്ള 32 ഷോപ്പിംഗ് ഗിഫ്റ്റ് കാർഡുകൾ എന്നിവയുൾപ്പെടെ ഗംഭീരമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഷാർജയ്ക്ക് പുറമെ കഴിഞ്ഞ ദിവസം ദുബായ് ആസ്ഥാനമായുള്ള റീട്ടെയിലർ യൂണിയൻ പല ഉല്പന്നങ്ങൾക്കും 50 ശതമാനം മുതൽ 75 ശതമാനം വരെയും 4,000 ഇനങ്ങൾക്ക് 75 ശതമാനം വരെയും കിഴിവ് പ്രഖ്യാപിച്ചിരുന്നു.