റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി കോടതി. റഹീമിന് മാപ്പ് നൽകാമെന്ന് കൊല്ലപ്പെട്ട സൗദി യുവാവിൻ്റെ കുടുംബം കോടതിയെ അറിയിച്ചു. ദയാധനം സ്വീകരിച്ച് മാപ്പു നൽകാമെന്ന് കുടുംബം ഔദ്യോഗികമായി അറിയിച്ചതോടെ റഹീമിൻ്റെ മോചനം ഉടൻ സാധ്യമാകും.
റഹീമിന് മാപ്പ് നൽകാമെന്ന് ഇന്ന് ഉച്ചയോടെയാണ് അനസ് അൽ ശഹ്റിയുടെ കുടുംബം റിയാദ് കോടതിയിൽ എത്തി ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും സൗദി യുവാവിൻ്റെ കുടുംബം എത്തിയിരുന്നില്ല. തുടർന്ന് കേസ് ഇന്നത്തേയ്ക്ക് മാറ്റിവെക്കുകയായിരുന്നു. ദയാധനമായി അനസ് അൽ ശഹ്റിയുടെ കുടുംബം ആവശ്യപ്പെട്ട 15 മില്യൻ റിയാൽ നേരത്തെ തന്നെ റിയാദ് ക്രിമിനിൽ കോടതിക്ക് ചെക്ക് വഴി കൈമാറിയിരുന്നു.
മാപ്പു നൽകിയുള്ള കുടുംബത്തിൻ്റെ സമ്മതപത്രം ഉടൻ റിയാദ് കോടതി റിയാദ് ഗവർണറേറ്റിന് കൈമാറും. തുടർന്ന് റിയാദ് ജയിലിൽ കഴിയുന്ന റഹീം ജയിൽ മോചിതനാകുകയും ചെയ്യും. റിയാദ് വിമാനത്താവളം വഴിയാകും റഹീമിനെ നാട്ടിലേക്ക് അയക്കുക.