കഴിഞ്ഞ വര്‍ഷം യുഎഇയിലെ റോഡ് അപകടങ്ങളില്‍ 381 മരണങ്ങളാണ് സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകൾ. റോഡപകട മരണനിരക്ക് കുറയുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതേ കാലയളവില്‍ വിവിധ അപകടങ്ങളിലായി 2620 ആളുകൾക്ക് പരുക്കേറ്റു. 3488 അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഓരോ വര്‍ഷവും അപകട മരണങ്ങൾ കുറയുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2014ല്‍ 712 പേര്‍ മരിച്ചിരുന്നു. 2015ല്‍ 675, 2016ല്‍ 725, 2017ല്‍ 525, 2018ല്‍ 469, 2019ല്‍ 448 എന്നിങ്ങനെയാണ് നിരക്കുകൾ. അതേസമയം ലോക് ഡൗണ്‍ ഉൾപ്പെട്ട 2020ല്‍ 256 മരണങ്ങളും 2437 പരുക്കുകളും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2931 അപകടങ്ങളും ഉണ്ടായി.
റോഡ് അപകടങ്ങളില്‍ മരിച്ചവരിലും പരുക്കേറ്റവരിലും കൂടുതല്‍ ഏഷ്യന്‍ രാജ്യക്കാരാണ്. അശ്രദ്ധമായ ഡ്രൈവിംഗാണ് ഭുരിപക്ഷം അപകടങ്ങളും വരുത്തിവച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ദുബായിലെ നൈഫ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുവര്‍ഷത്തിനിടെ വാഹനാപകട മരണങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് വെളിപ്പെടുത്തി.