റാസൽഖൈമയിൽ ഡ്രൈവിങ് ടെസ്റ്റ് സ്മാർട്ടാക്കാനൊരുങ്ങി അധികൃതർ. ഡ്രൈവിങ് ലൈസൻസിനായി അപേക്ഷിക്കുന്നവരുടെ മികവ് പരിശോധിക്കുന്നതിനും ലൈസൻസ് നൽകുന്നതിനുമായാണ് സ്മാർട്ട് സംവിധാനം ആരംഭിക്കാൻ റാസൽഖൈമ പൊലീസ് തീരുമാനിച്ചത്. വെഹിക്കിൾസ് ആന്റ് ഡ്രൈവേഴ്സ് ലൈസൻസിങ് വകുപ്പ് രൂപകൽപ്പന ചെയ്താണ് പുതിയ സംവിധാനം.
പരീക്ഷാർത്ഥിയുടെ ഡ്രൈവിങ് രീതികളും മികവും വാഹനത്തിനകത്ത് ഘടിപ്പിച്ചിരിക്കുന്ന ക്യാമറയാണ് നിരീക്ഷിക്കുക. തുടർന്ന് ഈ റിസൾട്ട് പരീക്ഷാർത്ഥിക്ക് സംഭവിച്ച വീഴ്ചകൾ ഉൾപ്പെടെ ടെക്സ്റ്റ് മെസേജ് വഴി സ്മാർട്ട് സ്ക്രീനിലെത്തും. അതോടൊപ്പം ഈ റിസൾട്ട് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിച്ച വ്യക്തിക്കും കൈമാറും. ടെസ്റ്റുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
റാസൽഖൈമ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ച് പൊലീസ് മേധാവി അലി അബ്ദുല്ല അൽവാൻ അൽ നുഐമിയാണ് സ്മാർട്ട് ഡ്രൈവിങ് ടെസ്റ്റ് പ്രോഗ്രാം പുറത്തിറക്കിയത്. ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റ രീതിയിൽ ലളിതവും വേഗത്തിലുമാക്കാനാണ് സ്മാർട്ട് സ്ക്രീനിങ് പ്രോഗ്രാം ലക്ഷ്യമിടുന്നതെന്ന് റാസൽഖൈമ പൊലീസിന്റെ ഡ്രൈവേഴ്സ് ലൈസൻസിംഗ് വിഭാഗം ആക്ടിങ് ഡയറക്ടർ കേണൽ സഖർ ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു.