സൗദി അറേബ്യയിൽ വീണ്ടും മഴയുടെ മുന്നറിയിപ്പെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മെയ് 22 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗദി സിവിൽ ഡിഫെൻസ് അധികൃതർ ആവശ്യപ്പെട്ടു.
മക്ക മേഖലയിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ റിയാദ് മേഖലയിലും ജസാൻ, അസീർ, അൽ ബാഹ മുതലായ മേഖലകളിൽ സാമാന്യം ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. ഈ പ്രദേശങ്ങളിൽ വെള്ളത്തിന്റെ കുത്തൊഴുക്ക്, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം പൊഴിയൽ, അതിശക്തമായ കാറ്റ്, മണൽക്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും താഴ്ന്ന ഭാഗങ്ങളിലും ഈ കാലയളവിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ഇത്തരം സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും താഴ്വരകളും ജലാശയങ്ങളും ഉൾപ്പെടെയുള്ളവ സന്ദർശിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു. വാഹനയാത്രക്കാർ ഗതാഗത നിർദേശങ്ങൾ പാലിച്ച് വാഹനമോടിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.