ഒമാനില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അപകടങ്ങൾ പെരുകുന്നെന്ന് റിപ്പോര്‍ട്ട്. അപകട മരണങ്ങൾ തുടര്‍ക്കഥയായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ചു. വാദികളിലും മറ്റും ജലനിരപ്പ് ഉയര്‍ന്നതും കടലുകൾ പ്രക്ഷുബ്ദമായതും മേഖലയിലെ വിനോദ സഞ്ചാരത്തെ സാരമായി ബാധിച്ചെന്നാണ് സിവില്‍ ഡിഫന്‍സിന്‍റെ വിലയിരുത്തല്‍.
സലാലയില്‍ കടലില്‍ വീണ് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായതാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത അപകടവാര്‍ത്ത. വിനോദസഞ്ചാരത്തിനെത്തിയ ഒരുകുടുംബത്തിലെ അംഗങ്ങളാണ് ഞായറാഴ്ച അപകടത്തില്‍പ്പെട്ടത്. മുഗ്‌സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോൾ സംഘം ശക്തമായ തിരമാലയില്‍ പെടുകയായിരുന്നു.
ദുബൈയില്‍ നിന്ന് സലാലയിലെത്തിയ ഉത്തരേന്ത്യന്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. സംഘത്തിലെ മറ്റ് മൂന്നുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം വാദികളിലുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികൾ മരിച്ചിരുന്നു. വിവിധ ഇടങ്ങളില്‍ അപകടത്തില്‍പ്പെട്ടവരെ സുരക്ഷാ സേനയും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷപെടുത്തിയത്.