ദേശീയ ദിനത്തെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ഖത്തർ. ഇതിന്റെ ഭാഗമായി 10 ദിവസം നീളുന്ന ആഘോഷ പരിപാടികൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്.
രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ആഘോഷ പരിപാടികളാണ് പ്രധാന വേദിയായ ഉം സലാലിലെ ദർബ് അൽ സായിയിൽ ആരംഭിച്ചിരിക്കുന്നത്. ഇന്നലെ ദർബ് അൽ സായിയിലെ പ്രധാന സ്ക്വയറിൽ രാജ്യത്തിന്റെ ദേശീയ പതാകയായ ‘അൽ അദാം’ ഉയർത്തി സാംസ്ക്കാരിക മന്ത്രി ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് അൽതാനിയാണ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്.
15 പ്രധാന ഇവന്റുകൾക്ക് പുറമെ 104 വ്യത്യസ്‌ത പരിപാടികളും ദർബ് അൽ സായിയിൽ നടക്കും. ദിവസവും ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 11 മണി വരെയാണ് പൊതുജനങ്ങൾക്ക് ദർബ് അൽ സായിയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 10 ദിവസത്തെ ദേശീയ ദിനാഘോഷം 18ന് സമാപിക്കും.