ഇനി പൗരന്മാർക്ക് ഖത്തർ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ 103 രാജ്യങ്ങളിൽ പ്രവേശിക്കാം. ഇതോടെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ 52-ാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഖത്തർ. ആഗോള ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ കൺസൽറ്റൻസി ഹെൻലി ആന്റ് പാർട്ണേഴ്സിന്റെ ഈ വർഷത്തെ ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ സൂചികയിലാണ് മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ 52ാമതെത്തിയത്.
പാസ്പോർട്ട് ഉപയോഗിച്ച് വീസയില്ലാതെ എത്ര രാജ്യങ്ങളിൽ പ്രവേശിക്കാം എന്നതും രാജ്യത്തിന്റെ സാമ്പത്തികം ഉൾപ്പെടെയുള്ള ഘടകങ്ങളും വിലയിരുത്തിയാണ് പട്ടിക തയാറാക്കുന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാൻ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. സിംഗപ്പൂർ ആണ് ലിസ്റ്റിൽ ഒന്നാമത്. സിംഗപ്പൂർ പാസ്പോർട്ട് ഉപയോഗിച്ച് 192 രാജ്യങ്ങളിൽ വിസ രഹിത പ്രവേശനം നടത്താം.
ജർമ്മനി, സ്പെയ്ൻ, ഇറ്റലി എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഇവിടങ്ങളിലെ പാസ്പോർട്ട് ഉപയോഗിച്ച് 190 രാജ്യങ്ങളിലും സന്ദർശിക്കാൻ സാധിക്കും. ഓസ്ട്രിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജപ്പാൻ, ലക്സംബർഗ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നിവയാണ് മൂന്നാം സ്ഥാനത്ത്. ഈ രാജ്യങ്ങളിലെ വിസ ഉപയോഗിച്ച് 189 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുക.