ഖത്തറിൽ ഡ്രൈവിംഗ് വിസയിലെത്തുന്നവർക്ക് അനുകൂല നീക്കവുമായി ഗതാഗത വകുപ്പ്. വിദേശ രാജ്യങ്ങളിലെ ഖത്തർ വീസ സെൻ്ററുകളിൽ നടത്തുന്ന കണ്ണ് പരിശോധന ഫലം ഖത്തർ ട്രാഫിക് വകുപ്പിലെ ലൈസൻസിങ് അതോറിറ്റിയുമായി ബന്ധിപ്പിച്ചു.ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൻ്റേതാണ് തീരുമാനം.
ഇതോടെ ഡ്രൈവർ ജോലിക്കായി ഖത്തറിൽ എത്തുന്നവർക്ക് പ്രത്യേക കാഴ്ച പരിശോധന ആവശ്യമവില്ലെന്നും അധികൃതർ സൂചിപ്പിച്ചു. നിരവധി വിദേശരാജ്യങ്ങളിൽ ഖത്തർ വീസ സെന്‍റർ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ കൊച്ചി ഉൾപ്പെടെ ഏഴു സ്ഥലങ്ങളിൽ ഖത്തർ വീസ സെന്‍ററുകൾ പ്രവർത്തിക്കുന്നുണ്ട്.
ജോലിക്കായി ഖത്തറിലേയ്ക്ക് പുതുതായി വരുന്നവരുടെ യാത്ര സംബന്ധമായ രേഖകൾ ശരിയാക്കാനുള്ള കേന്ദ്രങ്ങളാണ് വീസ സെൻ്ററുകൾ. ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കൽ, തൊഴിൽ കരാറുകളിൽ ഒപ്പിടൽ, ആരോഗ്യ പരിശോധന തുടങ്ങിയ സേവനങ്ങളാണ് ഖത്തർ വീസ സെന്‍ററുകളിൽ ലഭിക്കുന്നത്.