ദോഹയിലെ പാർപ്പിട യൂണിറ്റുകളിൽ അനധികൃത വിഭജനം നടത്തുന്നവർക്കെതിരെ നടപടികൾ കർശനമാക്കാൻ ഒരുങ്ങി അധികൃതർ. അനുമതിയില്ലാതെ വില്ലകൾ വിഭജിക്കുന്നത് താമസക്കാർക്ക് അപകടമുണ്ടാക്കും. ഇത്തരത്തിൽ അനധികൃത വിഭജനം നടത്തിയാൽ പിഴ ചുമത്തൽ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് ദോഹ നഗരസഭ മുനിസിപ്പൽ കൺട്രോൾ വകുപ്പ് ഡയറക്ടർ സലിം ഹമൗദ് അൽ ഷാഫി മുന്നറിയിപ്പ് നൽകി. അനധികൃത വിഭജനം നടത്തിയാൽ സ്‌ക്വയർ മീറ്ററിന് 500 റിയാലും ലിനിയർ മീറ്ററിന് 400 റിയാലും വീതമാണ് പിഴ ഈടാക്കുന്നത്. ലംഘനം പരിഹരിച്ചാൽ പിഴത്തുക 50 ശതമാനമാക്കി കുറയ്ക്കുകയും ചെയ്യും.
അതേസമയം ചട്ടങ്ങൾ പാലിച്ചുകൊണ്ട് അ ധികൃതരുടെ അനുമതിയോടെ വില്ലകളിൽ മാറ്റം വരുത്താനുള്ള അനുവാദമുണ്ട്. അനധികൃത വിഭജനം നടത്തിയാൽ തീപിടിത്തം പോലുള്ള അപകടങ്ങളുണ്ടാവുകയും താമസക്കാരുടെ ജീവൻ അപകടത്തിലാവാൻ കാരണമാകുകയും ചെയ്യും. കൂടാതെ അനധികൃത വിഭജനത്തിന് ശേഷം കെട്ടിടത്തിന്റെ മാപ്പ് സംബന്ധിച്ച് സിവിൽ ഡിഫൻസ് അധികൃതർക്ക് അറിയാൻ കഴിയുകയുമില്ല. എന്നാൽ അനുമതിയോടുള്ള വിഭജനമാണെങ്കിൽ കെട്ടിടത്തിന്റെ പുതിയ മാറ്റം സംബന്ധിച്ച വിവരങ്ങൾ അധികൃതർക്ക് അറിയാൻ സാധിക്കും . വൈദ്യുതി, വെള്ളം (കഹ്‌റാമ), അടിസ്ഥാന സൗകര്യം എന്നിവ സംബന്ധിച്ച സേവനങ്ങളെയും വിഭാജനം സാരമായി ബാധിക്കുമെന്നും ഡയറക്ടർ ചൂണ്ടിക്കാട്ടി.
കഹ്‌റാമ സേവനങ്ങൾ ദുരുപയോഗവും ചെയ്യുന്നതും ആനുപാതികമല്ലാതെയുള്ള താമസക്കാരുടെ എണ്ണവും കാരണം അനധികൃത വിഭജനം നടത്തിയ പാർപ്പിട യൂണിറ്റുകൾ ചുറ്റുമുള്ളവരെയും ബാധിക്കും. ഖത്തർ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അൽ ഷാഫി അനധികൃത വില്ലാ വിഭജനത്തിന്റെ അപകടങ്ങളെക്കുറിച്ചും നടപടികളെക്കുറിച്ചും വ്യക്തമാക്കിയത്. ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 184 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാൻ പൊതു ജനങ്ങളോട് നിർദേശിച്ചിട്ടുമുണ്ട്.