വംശ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ടാപ്പിറിന്റെ വിസ്മയ ചിത്രം പകർത്തിയ ഖത്തറിലെ ഇന്ത്യൻ ഫോട്ടോഗ്രാഫർക്ക് 2023 ലെ എൻഎച്ച്എം (നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ലണ്ടൻ) ഫോട്ടോഗ്രാഫർ അവാർഡ്. മലയാളിയായ വിഷ്ണു ഗോപാലിനെ മൃഗങ്ങളുടെ ഛായാചിത്രങ്ങളുടെ വിഭാഗത്തിലാണ് ഫോട്ടോഗ്രാഫർ ആയി തിരഞ്ഞെടുത്തത്. ബുധനാഴ്ച ലണ്ടനിൽ നടന്ന പരിപാടിയിൽ അവാർഡ് പ്രഖ്യാപിക്കുകയും പ്രകൃതിശാസ്ത്രജ്ഞനും പ്രകൃതി ഫോട്ടോഗ്രാഫറുമായ ക്രിസ് പാക്കം വിഷ്ണു ഗോപാലിന് സമ്മാനിക്കുകയും ചെയ്തു.
‘നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഈ അംഗീകാരം ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. കാരണം ഇത് വന്യജീവി ഫോട്ടോഗ്രാഫിയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതാണ്. നമ്മുടെ പ്രകൃതിദത്തമായ ലോകത്തോടുള്ള സ്നേഹവും അതിന്റെ സംരക്ഷണത്തോടുള്ള പ്രതിബദ്ധതയും പ്രചോദിപ്പിക്കാൻ എന്റെ സൃഷ്ടിയ്ക്ക് കഴിഞ്ഞുവെന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് വിഷ്ണു ഗോപാൽ പറഞ്ഞു.
പ്രകൃതിദത്ത ലോകത്തെ അത്ഭുതങ്ങൾ പകർത്തുന്നതിൽ മികവ് പുലർത്തുന്ന ഫോട്ടോഗ്രാഫർമാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ആഗോള പ്ലാറ്റ്ഫോമാണ് NHM ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ മത്സരം. റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം 95 രാജ്യങ്ങളിൽ നിന്നായി ഏകദേശം 50,000 എൻട്രികളാണ് അവാർഡിനായി മത്സരിച്ചത്.
തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ നേറ്റീവ് ലാൻഡ് സസ്തനിയായ ടാപ്പിറിന്റെ വിസ്മയിപ്പിക്കുന്ന ഛായാചിത്രമാണ് വിഷ്ണു പകർത്തിയത്. ശക്തമായ ഈ ചിത്രം മൃഗത്തിന്റെ കണ്ണുകളിലെ തീവ്രത പകർത്തുന്നുതാണ്. അതിന്റെ സൗന്ദര്യവും ദുർബലതയും എല്ലാം വിഷ്ണുവിന്റെ ഈ ഒരൊറ്റ ഫ്രയിമിൽ കാണാം. അതേസമയം മ്യൂസിയത്തിന്റെ എക്സിബിഷനുകളിൽ തന്റെ സൃഷ്ടികൾ ആഗോള പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാനും അദ്ദേഹത്തിന് അവസരമുണ്ട്.
കഴിഞ്ഞ 14 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന വിഷ്ണു വൈവിധ്യമാർന്ന ജീവജാലങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിന് വളരെക്കാലമായി പ്രതിജ്ഞാബദ്ധനാണ്. എക്‌സിബിഷനുകളിലും ഫോട്ടോഗ്രാഫി മാസികകളിലും അവതരിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വന്യജീവി സംരക്ഷണത്തിന്റെ അടിയന്തര ആവശ്യകതയെ അടിവരയിടുന്നതാണ്. ഐസിസി ഫോട്ടോഗ്രാഫി ക്ലബ്ബ് ഖത്തറിന്റെ നിലവിലെ പ്രസിഡന്റും ഖത്തറിലെ ഏറ്റവും വലിയ ഫോട്ടോഗ്രാഫി ഗ്രൂപ്പുകളിലൊന്നായ ഫോട്ടോഗ്രഫി മലയാളം ഖത്തറിന്റെ സ്ഥാപക അംഗവുമാണ് വിഷ്ണു.