ഖത്തർ ചുട്ടു പൊള്ളുകയാണ്. ഈ ചൂടിൽ പുറംതൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തർ തൊഴിൽ മന്ത്രാലയം. നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന മധ്യാഹ്ന വിശ്രമ നിയമം സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കുന്നതാണ്. രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിൽ ചെയ്യുന്നത് നിരോധിക്കുന്നതാണ് ഈ നിയമം.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഖത്തറിലും മറ്റു ഗൾഫ് മേഖലകളിലും ചൂട് ശക്തമാവുക. ഈ സാഹചര്യത്തിൽ തൊഴിൽ നിയമപ്രകാരം എല്ലാ വർഷങ്ങളിലും വേനൽ കനക്കുമ്പോൾ തൊഴിലാളികളുടെ സുരക്ഷയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി അധികൃതർ നിയമം നടപ്പാക്കാറുണ്ട്. തണലും വായുസഞ്ചാരവുമുള്ള ഇടങ്ങളിൽ തൊഴിൽ ചെയ്യാനുള്ള സാഹചര്യം തൊഴിലുടമകൾ ഒരുക്കിക്കൊടുക്കുകയും വേണം.
നിശ്ചിത സമയത്ത് തൊഴിലാളിക്ക് വിശ്രമം അനുവദിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. കഠിനമായ ചൂടു മൂലമുണ്ടാകുന്ന ശാരീരിക പ്രയാസങ്ങൾ അകറ്റാൻ വിശ്രമസ്ഥലം ഒരുക്കൽ ഉൾപ്പെടെ വിവിധ നിർദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്.
കൂടാതെ, ചൂടുകാലത്ത് പൊതുജനങ്ങൾ, കുട്ടികൾ, തൊഴിലാളികൾ എന്നിവർ സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷ സംബന്ധിച്ച് പൊതുജനാരോഗ്യ-തൊഴിൽ മന്ത്രാലയങ്ങൾ നേരത്തേ തന്നെ നിർദേശങ്ങൾ നൽകിയിരുന്നു. മേയ് രണ്ടാം വാരത്തോടെ തന്നെ രാജ്യത്തെ ചൂടിന്റെ കാഠിന്യം വർധിച്ചു തുടങ്ങി. വ്യാഴാഴ്ച ദോഹയിൽ 40 ഡിഗ്രിയായിരുന്നു താപനില രേഖപ്പെടുത്തിയത്. അൽഖോർ, ഷഹാനിയ, കറാന തുടങ്ങിയ ഇടങ്ങളിൽ 45 ഡിഗ്രിയും രേഖപ്പെടുത്തി.