കെട്ടിടങ്ങളുടെ രൂപം വികൃതമാക്കിയാൽ ഇനി പിഴ വീഴും. ഇങ്ങനെ രൂപ മാറ്റം വരുത്തുന്നവർക്ക് പിഴ ചുമത്തുന്ന നിയമം ഖത്തറിൽ പ്രാബല്യത്തിൽ വന്നു. കെട്ടിടങ്ങളിൽ നിയമവിരുദ്ധമായി നിർമിച്ച ഭാഗങ്ങൾക്കും ചട്ടംലഘിച്ചുകൊണ്ടുള്ള രൂപമാറ്റത്തിനുമുള്ള പിഴശിക്ഷയാണ് നടപ്പിലാക്കിയത്. താമസ വാണിജ്യ കെട്ടിടങ്ങളുടെ ഭംഗികെടുത്തുന്ന തരത്തിലുള്ള കാര്യങ്ങൾ നിയമലംഘനമായി പരിഗണിക്കും. ബിൽഡിങ് കംപ്ലയൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന നിയമത്തിന്റെ മറ്റൊരു ഭാഗമാണിത്. മാത്രമല്ല, സൗദി മുനിസിപ്പൽ ഗ്രാമ ഭവനകാര്യ മന്ത്രാലയം നിർദേശിച്ച ബിൽഡിങ് കംപ്ലയൻസ് സർട്ടിഫിക്കറ്റും ഇതോടെ നിർബന്ധമാക്കിയിട്ടുണ്ട്.
കെട്ടിടങ്ങളില്‍ അനധികൃതമായി നിർമാണ പ്രവൃത്തികള്‍ നടത്തിയിട്ടില്ല, ചട്ടംലഘിച്ചുള്ള രൂപമാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടില്ല തുടങ്ങിയ കാര്യങ്ങൾ തെളിയിക്കുന്നതാണ് സർട്ടിഫിക്കറ്റ്. കൂടാതെ നഗരങ്ങളിലെ ഭൂപ്രകൃതിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുക, ആരോഗ്യകരവും ശുചിത്വവുമുള്ള സുസ്ഥിര നഗരാന്തരീക്ഷം സൃഷ്ടിക്കുക,നഗരത്തിന്റെ രൂപഭംഗിയും നാഗരികതയും നിലനിർത്തുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് പദ്ധതി നടപ്പാക്കുന്നത്.
അതേസമയം കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഈ നിയമം പ്രഖ്യാപിച്ചത്. മന്ത്രാലയം നിർദേശിച്ച 19 നിയമ ലംഘനങ്ങളില്‍ നിന്നും കെട്ടിടങ്ങള്‍ മുക്തമായിരിക്കണമെന്നത് നിർബന്ധമാണ്. കൂടാതെ പ്രധാന റോഡിന് അഭിമുഖമായി കാണുന്ന വിധത്തിൽ കെട്ടിടങ്ങളില്‍ എയർകണ്ടീഷണറുകള്‍ സ്ഥാപിക്കുക, പാർക്കിങ് ഉപയോഗത്തില്‍ മാറ്റം വരുത്തല്‍, ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാനുള്ള സൗകര്യമില്ലാതിരിക്കുക തുടങ്ങിയവ ഇത്തരം നിയമലംഘനങ്ങളില്‍ ഉൾപ്പെടും.