ഈദിനെ വരവേൽക്കാൻ ഒരുങ്ങി ദോഹ നഗരസഭ. പള്ളികളിലും ഈദ് ഗാഹുകളിലും ശുചീകരണ പ്രവർത്തനങ്ങൾ സജീവമായി. കൂടാതെ റസ്റ്ററന്റുകൾ, മാർക്കറ്റുകൾ, പബ്ലിക് പാർക്കുകൾ എന്നിവിടങ്ങൾക്ക് സമീപത്തുള്ള മാലിന്യ പെട്ടി ശുചീകരിക്കുകയും കീടങ്ങളെ നിയന്ത്രിക്കാനുള്ള പണികളും നടത്തുന്നുണ്ട്. അതേസമയം സന്ദർശകരെ വരവേൽക്കുന്നതിനായി പബ്ലിക് പാർക്ക് വകുപ്പിന്റെ നേതൃത്വത്തിൽ പാർക്കുകളിലും അറ്റകുറ്റപണികളും ശുചീകരണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ആരംഭിച്ച ഭക്ഷ്യ വിൽപനശാലകളിലും ഉൽപാദന യൂണിറ്റുകളിലും നടത്തി വരുന്ന സമഗ്ര പരിശോധനാ ക്യാംപെയ്നും തുടരുന്നുണ്ടെന്ന് ദോഹ മുനിസിപ്പാലിറ്റി അറിയിച്ചു.
ഈദ് അവധി കഴിയുന്നത് വരെ ഈ പരിശോധന തുടരും. ഭക്ഷ്യ വിതരണ-പാക്കേജിങ് കമ്പനികൾ, കേറ്ററിങ് അടുക്കളകൾ, കൺസ്യൂമർ കോംപ്ലക്സ്, ഇറച്ചി കടകൾ, സ്വീറ്റ്സ്-നട്സ് വിൽപനശാലകൾ, വിനോദ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, പച്ചക്കറി-പഴം വിൽപന ശാലകൾ എന്നിവിടങ്ങൾ ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നത്. ഭക്ഷ്യ സാധനങ്ങളുടെ ആരോഗ്യസുരക്ഷയും വിൽപനശാലകളിലെ ജോലിക്കാർ ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്നുമാണ് പരിശോധന നടത്തുന്നതിന്റെ പ്രധാന ലക്ഷ്യം.
സൂഖ് വാഖിഫ്, മിഷറീബ്, കത്താറ,ദോഹ തുറമുഖം, പേൾ ഖത്തർ, കോർണിഷ് എന്നിവിടങ്ങളിലെ വിൽപനശാലകളിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ വകുപ്പിന്റെ സഹകരണത്തോടെ പരിശോധന നടത്തിയിരുന്നു. കൂടാതെ വ്യവസായ മേഖലയിലെ ആരോഗ്യ നിയന്ത്രണ വിഭാഗത്തിലെ ഭക്ഷ്യ നിരീക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ദിവസേന ഭക്ഷ്യ ഉൽപാദന യൂണിറ്റുകളിലും റീ-പാക്കിങ് കമ്പനികളിലും വിതരണ ശാലകളിലുമെല്ലാം പരിശോധന തുടരുന്നുണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. അതേസമയം എമർജൻസി ആൻഡ് കംപ്ലെയ്ന്റ് വിഭാഗത്തിന് ലഭിക്കുന്ന അടിയന്തര പരാതികളുടെയും റിപ്പോർട്ടുകളിന്റെയും അടിസ്ഥാനത്തിൽ പ്രത്യേക സംഘം പരിശോധിക്കുകയും 24 മണിക്കൂറിനുള്ളിൽ പരിഹാരവും കണ്ടെത്തുന്നുണ്ട്.