ദോഹയിൽ നിന്ന് കസഖ്സ്ഥാനിലെ അസ്താനയിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്സ്. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 2021 നവംബറിൽ ഖത്തറിലെയും കസഖ്സ്ഥാനിലെയും ഏവിയേഷൻ അതോറിറ്റികൾ തമ്മിൽ ദോഹയിൽ വച്ച് ഒപ്പുവച്ച കരാറിന്റെ ഫലമായാണ് ഈ പുരോഗതിയെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ ഫലേഹ് അൽ ഹജിരി വ്യക്തമാക്കി.
അതേസമയം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നടത്തിയ കസഖ്സ്ഥാൻ പര്യടനമാണ് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യോമഗതാഗതം കൂടുതൽ ശക്തിപ്പെടുത്തുന്നത്. കൂടാതെ നിലവിൽ ദോഹയിൽ നിന്ന് കസഖ്സ്ഥാന്റെ സാമ്പത്തിക തലസ്ഥാനമായ അൽമതി വിമാനത്താവളത്തിലേക്ക് ഖത്തർ എയർവേയ്സ് സർവീസ് നടത്തുന്നുണ്ട്. കസഖ്സ്ഥാനിലെ ഒട്ടേറെ നഗരങ്ങളിലേക്കുള്ള കാർഗോ സർവീസുകളും സജീവമാണ്.