ലോകത്തിലെ ഏറ്റവും നീളമേറിയ മോട്ടർ സ്പോർട് പിറ്റ്ലൈൻ കെട്ടിടത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ഖത്തറിന്റെ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ). ഖത്തർ ഗ്രാൻഡ് പ്രിയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിലേക്ക് ലോക റെക്കോർഡ് നേട്ടം എത്തിയത്. ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിലാണ് 402.1 മീറ്റർ നീളമുള്ള മോട്ടർസ്പോർട്ട് പിറ്റ്ലൈൻ കെട്ടിടം നിർമിച്ചിരിക്കുന്നത്.
റേസ് ട്രാക്കിലാണ് നീളമേറിയ പിറ്റ്ലൈൻ കെട്ടിടമുള്ളത്. ലോക റെക്കോർഡിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പിറ്റ്ലൈനിന്റെ നിർമാണം. 50 റേസിങ് കാർ ഗാരേജുകൾ ഉൾപ്പെടുന്നതാണ് ഈ പിറ്റ്ലൈൻ കെട്ടിടം. മാത്രമല്ല, ലോക നിലവാരത്തിലുള്ള റേസ് കൺട്രോൾ ടവർ, പഡോക് ഏരിയ, പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള വിഐപി ഏരിയകൾ എന്നിവയും ഇതിലുണ്ട്. കൂടാതെ ഫോർമുല വൺ, മോട്ടോ ജിപി ഉൾപ്പെടെയുള്ള രാജ്യാന്തര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ലുസെയ്ൽ സർക്യൂട്ടിന്റെ ശേഷി ഉയർത്തി അത്യാധുനിക സൗകര്യങ്ങളോടെ അഷ്ഗാൽ ആണ് നവീകരണം പൂർത്തിയാക്കിയത്.
5.38 കിലോമീറ്റർ റേസ് ട്രാക്ക് ആണ് അഷ്ഗാൽ നവീകരിച്ചത്. 40,000 പേർക്ക് ഇരിക്കാവുന്നത്ര ശേഷി വർധിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ പുതിയ കെട്ടിടങ്ങളും 15,000 ഇൻഡോർ, ഔട്ട്ഡോർ പാർക്കിങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.