ആഗോള സമാധാന സൂചികയിൽ (ജിപിഐ) വീണ്ടും ഒന്നാമതെത്തി ഖത്തർ. പട്ടികയിൽ മിനയിലെ ഏറ്റവും സമാധാനമുള്ള രാജ്യമായാണ് ഖത്തർ മാറിയത്. ആഗോള തലത്തിൽ 21-ാം സ്ഥാനമാണ് രാജ്യത്തിനുള്ളത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആന്റ് പീസ് (ഐഇപി) തയാറാക്കിയ സൂചികയിൽ 163 രാജ്യങ്ങളും ഭൂപ്രദേശങ്ങളുമാണുള്ളത്. സാമൂഹിക സുരക്ഷ, ആഭ്യന്തര-രാജ്യാന്തര കലാപങ്ങളുടെ തോത്, സൈനീകരണത്തിന്റെ തോത് എന്നിങ്ങനെ 3 പ്രധാന ഘടകങ്ങൾ ആസ്പദമാക്കിയാണ് രാജ്യങ്ങളിലെ സമാധാനത്തിന്റെ അളവ് വിലയിരുത്തുന്നത്.
മിനയിൽ കുവൈത്താണ് സമാധാനത്തിന്റെ കാര്യത്തിൽ രണ്ടാമതെത്തിയത്. ഒമാൻ, ജോർദാൻ, യുഎഇ എന്നിവയാണ് തൊട്ടുപിന്നിൽ. തുനീസിയ, മൊറോക്കോ, അൾജീരിയ, ബഹ്റൈൻ, സൗദി അറേബ്യ എന്നിവ ആദ്യ പത്തിൽ ഇടം നേടി. അതേസമയം യുദ്ധങ്ങളും കലാപങ്ങളും നിറഞ്ഞതിനാൽ മിന മേഖലയിൽ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം യമൻ ആണ്. ആഗോള തലത്തിൽ ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യമെന്ന ഒന്നാം സ്ഥാനം ഐസ്ലൻഡ് ഇത്തവണയും നിലനിർത്തി.
തുടർച്ചയായ 16-ാം വർഷവും മിനയിലെ ഏറ്റവും സമാധാനമുള്ള രാജ്യം എന്ന പേര് ഖത്തർ നിലനിർത്തി. ജിപിഐയുടെ സൂചികയിൽ ആഗോള തലത്തിൽ ആദ്യ ഇരുപത്തിയഞ്ചിൽ ഇടം നേടിയ മിന മേഖലയിലെ ഏക രാജ്യവും ഖത്തറാണ്. കഴിഞ്ഞ വർഷം മിനയിൽ ഒന്നാമതും ആഗോളതലത്തിൽ 23-ാം സ്ഥാനത്തുമായിരുന്നു ഖത്തർ. സമാധാനത്തിന്റെ കാര്യത്തിൽ മാത്രമല്ല സുരക്ഷയുടെ കാര്യത്തിലും ഖത്തർ വിവിധ റാങ്കിങ്ങുകളിൽ ഒന്നാമതാണ്. ഈ വർഷത്തെ നുംബിയോ കം സൂചികയിൽ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യവും ഖത്തർ ആയിരുന്നു.