ജലത്തിന്റെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടുള്ള കൃഷി രീതികൾ പ്രാവർത്തികമാക്കാനൊരുങ്ങി ഖത്തർ. കൃഷി ആവശ്യത്തിനുള്ള വെള്ളം നൂതന മാർഗങ്ങളിലൂടെ സൃഷ്ടിച്ച് പരമാവധി കുറയ്ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2030-ഓടെ ഒരു ടൺ വിളയുടെ ജല ഉപഭോഗത്തിൽ നിലവിലുള്ളതിനേക്കാൾ 40 ശതമാനം കുറക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.
മഴയും ഭൂഗർഭജലവുമാണ് ഖത്തറിന്റെ പ്രകൃതിദത്ത ശുദ്ധജല സ്രോതസുകൾ. ഇതോടൊപ്പം കടൽ വെള്ളത്തിൽ നിന്നും ഉപ്പ് നീക്കി ശുദ്ധജലം സംഭരിക്കുന്നതും സാധാരണമാണ്. എന്നാൽ ഇത് ചെലവേറിയതും ഊർജം ഏറെ ആവശ്യമായ പ്രക്രിയയുമാണ്. കൂടാതെ ഇവിടെ മഴ സുലഭമായി ലഭിക്കാത്ത സാഹര്യവുമാണ് നിലനിൽക്കുന്നത്. അതിനാലാണ് കാർഷിക മേഖലയിലെ ജല ഉപയോഗം കുറക്കുന്നതിനുള്ള പദ്ധതികൾ അധികൃതർ ആവിഷ്കരിക്കുന്നത്.
രാജ്യത്ത് ചൂട് കൂടുതലായതിനാൽ ജലം സംഭരിക്കുക എന്നത് എളുപ്പമല്ലാത്ത സാഹചര്യത്തിൽ ജലം ലാഭിക്കുന്ന കൃഷിരീതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ അധികൃതർ. കൂടാതെ മലിനജലം ശുദ്ധീകരിച്ച് പ്രധാനമായും കാലിത്തീറ്റയുടെ ഭാഗമായി ഉപയോഗിക്കുകവഴി 2030ഓടെ കാലിത്തീറ്റക്കുള്ള ജലസേചനത്തിൽ 100 ശതമാനവും സംസ്കരിച്ച ജലം ഉപയോപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്.