ഒടുവിൽ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം അവർ ഇന്ത്യൻ മണ്ണിലേയ്ക്ക് മടങ്ങിയെത്തി. ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കമുള്ള എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥരാണ് ജയിൽ മോചിതരായത്. ഇനിയൊരു മടങ്ങിവരവ് ഉണ്ടാകില്ലെന്ന് കരുതി വിധിയെ പഴിച്ചിരുന്ന ആ എട്ടുപേർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെത്തുടർന്നാണ് ജീവിതത്തിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചത്.
ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്‌ഠ്, കമാൻഡർ അമിത് നാഗ്‌പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്‌ത, തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് ജയിൽ മോചിതരായത്. ഇവരിൽ ഏഴ് പേർ ഇതിനോടകം ഇന്ത്യയിലേക്ക് മടങ്ങിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചാരക്കേസിൽ അറസ്റ്റിലായ മുൻ നാവികരുടെ വധശിക്ഷ നേരത്തെ ഖത്തർ റദ്ദാക്കിയിരുന്നു. തുടർന്നാണ് ഇപ്പോൾ എട്ടു പേരെയും മോചിപ്പിച്ചിരിക്കുന്നത്.
മോചിതരായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനും മുൻ നാവികർ നന്ദി അറിയിച്ചു. ‘ഭാരത് മാതാ കീ ജയ്’ എന്ന് ഉറക്കെപ്പറഞ്ഞാണ് ഇവർ ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. ഒരിക്കലും ഒരു മടങ്ങിവരവ് പ്രതീക്ഷിക്കാതിരുന്നവരുടെ മുഖത്ത് അപ്രതീക്ഷിതമായി ജീവൻ തിരിച്ചുകിട്ടിയതിന്റെ എല്ലാ സന്തോഷവും പ്രതിഫലിച്ചിരുന്നു. നാവികരുടെ മോചവനുമായി ബന്ധപ്പെട്ട് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായിരുന്നു ഈ മോചനം. നാവികരെ മോചിപ്പിച്ചതിന് പിന്നാലെ ഖത്തർ അമീറിന്റെ നിലപാടിൽ ഇന്ത്യ നന്ദിയും അറിയിച്ചു.
ഇന്ത്യൻ നാവികസേനയിൽ നിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അൽ ദഹ്റയിൽ ജോലിചെയ്യവേ 2022 ഓഗസ്റ്റിലാണ് ഇവർ അറസ്റ്റിലായത്. 2023 മാർച്ചിൽ നടന്ന വിചാരണയ്ക്ക് ശേഷം ഒക്ടോബർ 26-നായിരുന്നു എട്ടുപേർക്കും വധശിക്ഷ വിധിച്ചത്. മുങ്ങിക്കപ്പൽ നിർമ്മാണരഹസ്യങ്ങൾ ഇസ്രയേലിന് ചോർത്തി നൽകിയെന്നായിരുന്നു നേരത്തെ റിപ്പോർട്ടിലുണ്ടായിരുന്നത്. അതേസമയം, രഹസ്യസ്വഭാവമുള്ള നടപടിക്രമങ്ങളായതിനാൽ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നില്ല.