ഖത്തറിലെ ബാങ്കുകളിൽ ഉപഭോക്താക്കൾക്കുള്ള തിരിച്ചറിയൽ നടപടികൾ കർശനമാക്കി അധികൃതർ. സുരക്ഷയുടെ ഭാഗമായി ഖത്തർ സെൻട്രൽ ബാങ്ക് ആണ് ഇലക്ട്രോണിക് നോ യുവർ കസ്റ്റമർ (ഇ.കെ.വൈ.സി) നടപടികൾ നിർബന്ധമാക്കിയത്. ധനകാര്യ സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക് ഐഡന്റിറ്റി വെരിഫിക്കേഷനും ആധുനിക സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി ഉപഭോക്താക്കളുടെ ഐഡന്റിറ്റി പരിശോധിക്കാനുള്ള സംവിധാനമാണ് ഇകെവൈസി.
ഇടപാടുകളിലെ സുരക്ഷയും സുതാര്യതയും ശക്തിപ്പെടുത്തി ധനകാര്യ മേഖലയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പ് തുടങ്ങിയവ തടഞ്ഞ് രാജ്യത്ത് ധനക്കൈമാറ്റം സുരക്ഷിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സമീപകാലത്തായി അക്കൗണ്ടുകൾ വഴിയുള്ള പണത്തട്ടിപ്പുകൾ വർധിച്ച സാഹചര്യത്തിലാണ് അധികൃതർ നൂതന സംവിധാനം ഏർപ്പെടുത്തിയത്.