അടുത്ത വർഷത്തിന്റെ അവസാനത്തോടെ എല്ലാ വിമാനങ്ങളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്. സ്റ്റാർ ലിങ്കുമായി സഹകരിച്ചാണ് ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കുകയെന്ന് കമ്പനി സിഇഒ ബദർ അൽ മീർ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിൽ സ്റ്റാർ ലിങ്കുമായി സഹകരിച്ച് വയർലെസ് ഇന്റർനെറ്റ് സൗകര്യമുള്ള ലോകത്തെ ആദ്യത്തെ ബോയിങ് 777 വിമാനം ഖത്തർ എയർവേസ് അവതരിപ്പിച്ചിരുന്നു. മുഴുവൻ വിമാനങ്ങളിലും ഈ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഊർജിതമായി പുരോഗമിക്കുകയാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കും മികച്ച സേവനങ്ങൾക്കുമാണ് ഖത്തർ എയർവേസ് മുൻഗണന നൽകുന്നതെന്നും ബദർ അൽ മീർ പറഞ്ഞു.
ഈ വർഷം അവസാനത്തോടെ 14 വിമാനങ്ങളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. ഏപ്രിൽ മെയ് മാസത്തോടെ ഇത് 60 വിമാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും വർഷാവസാനത്തോടെ ഖത്തർ എയർവേസിൻ്റെ മുഴുവൻ വിമാനങ്ങളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.