വരുമാന നേട്ടവുമായി റെക്കോർഡിട്ട് ഖത്തർ എയർവേസ്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ തോതിലുള്ള വർധനവാണ് ഖത്തർ എയർവേസിന്റെ വരുമാന നേട്ടത്തിൽ വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം 1,71,000 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. ഖത്തർ എയർവേസിന്റെ വാർഷിക റിപ്പോർട്ടിലാണ് കണക്കുകൾ പുറത്തുവിട്ടത്.
ആകെ 4.4 ബില്യൺ ഖത്തർ റിയാൽ (9.900 കോടി രൂപ) ആണ് വാർഷിക ലാഭം. 45 ശതമാനം വർധനവാണ് വരുമാനത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിൽ 100 ശതമാനമാണ് വർധനവ് ഉണ്ടായത്. 2021-മായി താരതമ്യം ചെയ്യുമ്പോൾ ലോകകപ്പ് ഫുട്ബോൾ നടന്ന 2022-ൽ റെക്കോർഡ് നേട്ടമാണ് കമ്പനി സ്വന്തമാക്കിയത്. എല്ലാ സേവനമേഖലയിലും വരുമാനം വർധിപ്പിക്കാൻ ഖത്തർ എയർവേസിന് സാധിച്ചിട്ടുണ്ട്.
2022-ലെ ലോകകപ്പ് ഫുട്ബോളിന്റെ ഒഫീഷ്യൽ എയർലൈൻ കൂടിയായിരുന്നു ഖത്തർ എയർവേസ്. യാത്രക്കാർക്കുള്ള മികച്ച സൗകര്യങ്ങൾക്കൊപ്പം ലോകത്തെ ഏറ്റവും മികച്ച എയർകാർഗോ എന്ന സ്ഥാനവും കഴിഞ്ഞ വർഷം കമ്പനി നിലനിർത്തി. ഈ വർഷം കൂടുതൽ വിമാനങ്ങൾ എത്തുന്നതോടെ ഡെസ്റ്റിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ എയർവേസ്.