നിർമ്മാണ മേഖലയിലെ പ്രധാന പ്രദർശനമായ പ്രൊജക്ട് ഖത്തർ ഈ മാസം 29-ന് ആരംഭിക്കും. ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ രക്ഷകർതൃത്വത്തിലാണ് പ്രദർശനം നടക്കുന്നത്.
ജൂൺ ഒന്ന് വരെയാണ് പ്രദർശനം നടക്കുക. പൊതുമരാമത്ത് അതോറിറ്റിയുടെ പങ്കാളിത്തത്തിൽ വാണിജ്യ-വ്യവസായ മന്ത്രാലയമാണ് പ്രദർശനം നടത്തുന്നത്. പ്രദർശനത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 325 കൂട്ടായ്മകൾ പങ്കെടുക്കും. 8 രാജ്യങ്ങളുടെ ഔദ്യോഗിക പവലിയനുകളും 200 പ്രാദേശിക കമ്പനികളും പ്രദർശനത്തിലുണ്ടാകും.
സർക്കാർ, അർധ സർക്കാർ കമ്പനികളും സ്വകാര്യ മേഖലയിലെ മുൻനിര കമ്പനികളും വ്യവസായ പ്രമുഖരും പ്രദർശനത്തിൽ പങ്കെടുക്കും. ഖത്തറിലെ മുൻനിര റിയൽ എസ്റ്റേറ്റ് ഡവലപ്പർമാർ തങ്ങളുടെ പുതിയ പദ്ധതികൾ ഇവിടെ അവതരിപ്പിക്കും. ഖത്തറിലെ നിർമ്മാണ വ്യവസായത്തിന്റെ ഏറ്റവും വലുതും സമഗ്രവുമായ ബിസിനസ് പ്ലാറ്റ്ഫോമായ പ്രൊജക്റ്റ് ഖത്തറിന് 18 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്.