ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നഷ്ടമായത് കേരളത്തിന്റെ പുരോഗതിക്കും പൊതുപ്രവർത്തനത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവിനെയാണെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഉമ്മൻചാണ്ടിയുമായുള്ള ഓർമ്മകൾ പങ്കുവെച്ചത്.
“പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുകയും ചെയ്ത എളിമയും, അർപ്പണബോധമുള്ള നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. ഞങ്ങൾ രണ്ടുപേരും അതത്
സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട് ഞാൻ ഡൽഹിയിലേക്ക് മാറിയപ്പോഴും അദ്ദേഹവുമായുള്ള എന്റെ വിവിധ ആശയവിനിമയങ്ങൾ ഞാൻ പ്രത്യേകം ഓർക്കുന്നുണ്ട്. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും
അനുയായികളോടുമൊപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു” എന്നാണ് മോദി ട്വിറ്ററിൽ കുറിച്ചത്.